Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: കൃഷിക്കുപുറമേ യുവജനങ്ങള്‍ക്കും വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രാമുഖ്യമുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി കാര്‍ഷിക പെരുമ നേടിയ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ 2024-2025 വാര്‍ഷിക ബജറ്റ്. പ്രസിഡന്റ് ഗീതാകാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാറാണ് 35,59,00,912 രൂപ വരവും 35,36,28,301 രൂപ ചെലവും 22,72,611 മിച്ചവുമുള്ള ബജറ്റ് അവതരിപ്പിച്ചത്.

നെല്ല്, നാളികേരം, ചെറുധാന്യങ്ങള്‍, കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിനും ഉല്‍പാദന ക്ഷമതയ്ക്കും ആവശ്യമായ പദ്ധതി രൂപീകരിക്കുന്നതിന് 20,50,000 രൂപ നീക്കി വെച്ചു. ഔഷധ സസ്യകൃഷി, പൂകൃഷി എന്നിവ വ്യാപിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. കുരുമുളക് ഗ്രാമം പദ്ധതിക്ക് ഒരു ലക്ഷം രൂപയും നീക്കി വച്ചു. കിഴങ്ങുവര്‍ഗ്ഗവിളകളുടെ പ്രോത്‌സാഹനത്തിന്റെ ഭാഗമായി അത്യുല്‍പാദന ശേഷിയുള്ള കപ്പക്കൊമ്പുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിക്കും.

ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും പ്രധാന റോഡുകളില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനുമായി 1.75 കോടി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ഭിന്നശേഷി ക്ഷേമത്തിനായി 23,50,000 രൂപയും ഉള്‍പ്പെടുത്തി. എ.എസ്. കനാല്‍ തീരത്ത് ഹാപ്പിനസ് പാര്‍ക്ക് ഒരുക്കുന്നതിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ നീക്കിവച്ചു.

ലൈഫ് പദ്ധതിക്കും പാര്‍പ്പിട അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 2,24,73,600 രൂപയും വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ തടയുന്നതിന് വാക്കിംഗ് ക്ലബുകളും സൈക്കിളിംഗ് ക്ലബുകളും ആശപ്രവര്‍ത്തകരുടെ സഹായത്തോടെ അംഗനവാടികളും വായനശാലകളും കേന്ദ്രീകരിച്ച് രൂപീകരിക്കുവാനും പദ്ധതിയുണ്ട്. തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ജനകീയ ലേബര്‍ ബാങ്കിന് ബഡ്ജറ്റില്‍ പണം നീക്കിവച്ചിട്ടുണ്ട്. അംഗീകൃത വായനശാലകള്‍ക്ക് സൗജന്യ പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്നതിനു പുറമേ വൈഫൈ കണക്ഷന്‍ നല്‍കുന്ന പദ്ധതി, കരിയര്‍ കഞ്ഞിക്കുഴി പദ്ധതി എന്നിവ വിപുലീകരിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍ പുത്തന്‍ വിവര സാങ്കേതികവിദ്യകളിലൂന്നിയ പുതുമയാര്‍ന്ന പദ്ധതികള്‍, കലാകാരര്‍ക്ക് സണ്‍ഡേ പ്ലാറ്റ്ഫോം എന്നിവ നടപ്പിലാക്കും.

പകല്‍ വീട്ടിലെത്തുന്നവര്‍ക്ക് വാഹന സൗകര്യമേര്‍പ്പെടുത്തുന്നതിനും കൂടുതല്‍ പേര്‍ക്ക് സൗകര്യം ലഭ്യമാക്കുന്നതിനും സന്തോഷ കേന്ദ്രമാക്കുന്നതിനും കൂടുതല്‍ പണം ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

പഞ്ചായത്തു സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്, ജനപ്രതിനിധികള്‍, ആസൂത്രണ സമിതിയംഗങ്ങള്‍, ഫാക്കല്‍ട്ടി അംഗങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എസ്. രാജലക്ഷ്മിയെഴുതിയ മഹാത്മാഗാന്ധിയെ കുറിച്ചുള്ള ആനുകാലിക പ്രസക്തമായ കവിതയായിരുന്നു ബഡ്ജറ്റിന്റെ ആമുഖം.

Leave a Reply

Your email address will not be published. Required fields are marked *