Your Image Description Your Image Description
Your Image Alt Text

ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയുടെ വികസനത്തിനും പട്ടികജാതി പട്ടിക വർഗ ക്ഷേമത്തിനും മുൻ തൂക്കമുള്ള ബജറ്റുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്. 7.97 കോടി രൂപ വരവും 7.93 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2024-25ലെ ബജറ്റ് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കാർഷിക മേഖലയിൽ പൊക്കാളി കൃഷി, സുഭിക്ഷ കേരളം പച്ചക്കറി കൃഷി, മില്ലറ്റ്, വാഴ, തരിശു നില പച്ചക്കറി, മഞ്ഞൾ കൃഷികൾ എന്നിവയ്ക്ക് പ്രത്യേകം തുക വകയിരുത്തി. ജനറൽ വിഭാഗം ഭവന നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 60 ലക്ഷം രൂപയാണ്. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരുടെ ഭവന നിർമ്മാണത്തിനായി 45 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്.

സ്വയംതൊഴിൽ സംരംഭങ്ങൾക്കായി 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഐടി സ്റ്റാർട്ടപ്പ് കെട്ടിടത്തിൽ വനിതാ വിഭാഗം ഐടി സംരംഭങ്ങൾ തുടങ്ങുന്നതിനായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഏഴര ലക്ഷം രൂപയും വകയിരുത്തി.

വൃദ്ധജനങ്ങളുടെയും കിടപ്പുരോഗികളുടെയും സംരക്ഷണത്തിനും ആശ്വാസത്തിനുമായി പുതുമയാർന്ന നിരവധി പ്രോജക്ടുകൾ ആണ് ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം ആവിഷ്കരിച്ചിട്ടുള്ളത്. സമഗ്ര വൃദ്ധജന പരിപാലന പരിപാടിക്കായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൃദ്ധജനങ്ങൾക്കുള്ള ചികിത്സകൾ, പകൽവീടുകൾ, കൗൺസിലിംഗ്, മരുന്നുകൾ മുതലായവയ്ക്ക് പ്രത്യേക പദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിൻ്റെ വയോമിത്രം പദ്ധതിയിൽ പ്രോജക്ട് സംയോജിപ്പിച്ചിട്ടുണ്ട്. രണ്ടാം ബാല്യം എന്നാണ് ഈ പദ്ധതിയുടെ പേര്.

കിടപ്പ് രോഗികൾക്കും ശ്വാസകോശ രോഗികൾക്കുമായി ഓക്സിജൻ കോൺസൻൻ്റേറ്ററുകൾ വാങ്ങി ഭവനങ്ങളിൽ ചികിത്സാ സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കിടപ്പ് രോഗികളെയും വൃദ്ധജനങ്ങളെയും ഭവനങ്ങളിൽ എത്തി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി മുതലായ ചികിത്സകൾ നടത്തുന്നതിന് വേണ്ടി സഞ്ചരിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിലേക്ക് 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *