Your Image Description Your Image Description
Your Image Alt Text

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ചു. സുരക്ഷാ 2023 പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നൂറ് ശതമാനം സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. സുരക്ഷാ പദ്ധതി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് വഴി വയനാട് മാതൃകയായെന്നും പദ്ധതി പൂര്‍ത്തീകരണത്തില്‍ പ്രധാന പങ്ക് വഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇന്ത്യയില്‍ തന്നെ ആദ്യമായി സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ച വാര്‍ഡായി തിരെഞ്ഞെടുത്തത് തരിയോട് പഞ്ചായത്തിലെ ചെന്നലോടിനെയാണ്. സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി നൂല്‍പ്പുഴയും ആദ്യ നഗരസഭയായി സുല്‍ത്താന്‍ ബത്തേരിയും ബ്ലോക്ക് പഞ്ചായത്തായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും മാറിയത് അഭിമാന നേട്ടമാണ്. ജില്ലയിലെ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘സുരക്ഷ 2023.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ജീവന്‍ / അപകട ഇന്‍ഷുറന്‍സ് പദ്ധതികളായ പി.എം.എസ്.ബി.വൈ/ പി.എം ജെ.ജെ.ബി വൈ എന്നിവയില്‍ ചേര്‍ത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ഭാരതീയ റിസര്‍വ് ബാങ്ക്, നബാര്‍ഡ്, ലീഡ് ബാങ്ക്, മറ്റ് ബാങ്കുകള്‍ എന്നവര്‍ സംയുക്തമായാണ് സുരക്ഷ 2023 പദ്ധതി നടപ്പിലാക്കിയത്. പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ സ്‌കീമുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സുരക്ഷാ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 20 രൂപക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും, 436 രൂപയ്ക്കു രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കാന്‍ സാധിക്കും.

സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയ കാനാറ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരെ അനുമോദിച്ചു. പദ്ധതി പൂര്‍ത്തീകരണത്തില്‍ സഹകരിച്ച വിവിധ വകുപ്പുകള്‍ക്കും ബാങ്കുകള്‍ക്കും ഉപഹാരം നല്‍കി. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി. കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കാനാറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എസ് പ്രദീപ്, നബാര്‍ഡ് സി.ജി.എം ഡോ. ഗോപകുമാരന്‍ നായര്‍, ആര്‍.ബി.ഐ ഡി.ജി.എം കെ.ബി ശ്രീകുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ജി.എം ആര്‍ സുരേഷ് ബാബു, ലീഡ് ബാങ്ക് റീജിയണല്‍ മാനേജര്‍ പി.ലത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, എം.എന്‍.ആര്‍.ഇ.ജി.എ, ജെ.പി.സി പി.സി മജീദ്, റിസര്‍വ് ബാങ്ക് എല്‍.ഡി.ഒ ഇ.കെ രഞ്ജിത്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം ധന്യ സദാനന്ദന്‍, യൂണിയന്‍ ബാങ്ക് എ.ജി.എം റോസ്ലിന്‍ റോഡ്രിഗസ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ബിപിന്‍ മോഹന്‍, നബാര്‍ഡ് എ ജി എം വി .ജിഷ എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പ് മേധാവികള്‍, ബാങ്ക് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *