Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: സര്‍ക്കാര്‍ ചൂഷണത്തിനെതിരെ ജനങ്ങള്‍ സമരം ചെയ്യുന്ന വേദിയാണ് ജന്തര്‍മന്ദിറെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ ജോലിയും മാറ്റിവെച്ച് ധര്‍ണ്ണ നടത്താന്‍ ജന്തര്‍മന്ദിറില്‍ എത്തി. കേരള മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത് സ്വന്തം കുടുംബത്തിന് വേണ്ടി പണം ചോദിച്ചല്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തിൻ്റെ അവഗണനക്കെതിരെ ഫെഡറലിസം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള സർക്കാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി.

പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ല. പണം നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങളുടെ വികസനപദ്ധതികള്‍ എങ്ങനെ മുന്നോട്ടുപോകും. പഞ്ചാബില്‍ ബജറ്റ് സമ്മേളനത്തിന് അനുമതി നല്‍കിയില്ല. ഒടുവില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അധികാരം കയ്യേറുന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്നും കെജ്‌രിവാള്‍ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ആരെ വേണമെങ്കിലും ജയിലില്‍ ഇടാം. ചത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജയില്‍ അടച്ചത് ചൂണ്ടിക്കാണിച്ച കെജ്‌രിവാള്‍ അടുത്തത് താനോ പിണറായി വിജയനോ, എം കെ സ്റ്റാലിനോ ആകാമെന്നും വ്യക്തമാക്കി.

ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വൈദ്യുതി സൗജന്യമായി നല്‍കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുത ചാര്‍ജ്ജ് ഉള്ളത് ഗുജറാത്തിലും മധ്യപ്രദേശിലുമാണ്. വൈദ്യുതി വിലകുറച്ച് വില്‍ക്കുന്നവരെ കള്ളന്മാരാക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളതെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.ബിജെപി ഇതര സംസ്ഥാന സർക്കാരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ എന്നിവരും സമരവേദിയില്‍ എത്തിചേർന്നിട്ടുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരും സമരവേദിയില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *