Your Image Description Your Image Description

ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി വയനാട് ജില്ലയിൽ പൂർത്തിയായി. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂർത്തീകരിച്ചു. ജില്ലയിലെ അർഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘സുരക്ഷ 2023’. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും കേന്ദ്ര സർക്കാറിന്റെ ജീവൻ/ അപകട ഇൻഷുറൻസ് പദ്ധതികളായ പി.എം.എസ്.ബി.വൈ/ പി.എം ജെ.ജെ.ബി.വൈ എന്നിവയിൽ ചേർത്തു.

തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ഭാരതീയ റിസർവ് ബാങ്ക്, നബാർഡ്, ലീഡ് ബാങ്ക്, മറ്റ് ബാങ്കുകൾ എന്നവർ സംയുക്തമായാണ് സുരക്ഷ 2023 പദ്ധതി നടപ്പിലാക്കിയത്. പ്രധാൻ മന്ത്രി സുരക്ഷ ബീമാ യോജന, പ്രധാൻ മന്ത്രി ജീവൻജ്യോതി ബീമ യോജന, അടൽ പെൻഷൻ യോജന എന്നീ സ്കീമുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സുരക്ഷാ പദ്ധതിയിലൂടെ വർഷത്തിൽ വെറും 20 രൂപക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 436 രൂപയ്ക്ക് രണ്ട്‌ ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും ലഭ്യമാക്കാൻ സാധിക്കും.

2023 ജനുവരിയിലാണ് സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നത്. തുടർന്ന് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡിന്റെ ധനസഹായത്തോടെ പദ്ധതിയുടെ പ്രചാരണത്തിനായി ജില്ലയിലൂടെനീളം തെരുവ് നാടകങ്ങൾ സംഘടിപ്പിക്കുകയും റേഡിയോ മാറ്റൊലിയിലൂടെ വിവിധ സാമ്പത്തിക സാക്ഷരതാ പ്രോഗ്രാമുകൾ മലയാളത്തിലും ഗോത്രവർഗ ഭാഷകളിലും അവതരിപ്പിക്കുകയും ചെയ്തിരുന്നു. 2016 മുതൽ കേന്ദ്ര സർക്കാർ നടത്തിവരുന്ന ഈ പദ്ധതികളിൽ സുരക്ഷാ ക്യാമ്പയിൻ 2023 ൽ ആരംഭിക്കുമ്പോൾ 1,60,000 പേരാണ് പദ്ധതിയിൽ ജില്ലയിൽ ഉൾപ്പെട്ടിരുന്നത്. നിലവിൽ രണ്ടു ലക്ഷം പേരെ കൂടി അധികമായി സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചു.

പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഭാരതീയ റിസേർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ ബാങ്ക് മേധാവികളുടെ യോഗങ്ങൾ ചേർന്നു. ഒ.ആർ. കേളു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ അധ്യക്ഷതയിൽ അവലോകന യോഗങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എല്ലാ മാസവും ജില്ലാ ആസൂത്രണ കമ്മിറ്റി യോഗങ്ങളും ചേർന്നിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ വികസന സമിതി യോഗത്തിലും ആസ്പിരേഷൻ ജില്ലാ അവലോകന യോഗത്തിലും പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർ, സാമ്പത്തിക സാക്ഷരതാ കൗൺസിലർമാർ, ബാങ്ക് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, എസ്.സി എസ്.ടി പ്രമോട്ടർമാർ, അക്ഷയ സംരംഭകർ, തൊഴിലുറപ്പ് മേറ്റുമാർ, ഫാർമേഴ്‌സ് പ്രൊഡ്യൂസ് ഓർഗനൈസേർസ്, വിവിധ സന്നദ്ധ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, റേഡിയോ മാറ്റൊലി എന്നിവരിലൂടെയാണ് സുരക്ഷാ പദ്ധതി ജനകീയമാക്കിയത്.

പദ്ധതി പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 8ന് കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവർ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *