Your Image Description Your Image Description
Your Image Alt Text

ഒരാളുടെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA). സന്ധികളില്‍ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. കൈകള്‍, കൈക്കുഴ, കാലുകള്‍ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. കൂടാതെ ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. വ്യക്​തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ശ്വാസകോശം, ഹൃദയം, രക്തധമനികള്‍ എന്നിവയ്ക്കെല്ലാം നാശം വരുത്താന്‍ ഈ രോഗത്തിനാകും.

വളരെ പതിയെ ആരംഭിച്ച് ക്രമേണ പുരോഗമിക്കുന്ന ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമൊക്കെ വന്നും പോയും ഇരിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആമവാദം രക്താർബുദമായ ലിംഫോമ വികസിപ്പിക്കാനുള്ള സാധ്യത കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ വിട്ടുമാറാത്ത വീക്കം ലിംഫോമയുടെ ഉയർന്ന അപകടസാധ്യതയ്ക്ക് കാരണമാകുന്ന ഒരു ഘടകമാണെന്നാണ് ഡോ. വിജയ് രമണൻ (സീനിയർ കൺസൾട്ടൻ്റ് ക്ലിനിക്കൽ ഹെമറ്റോളജിസ്റ്റ്, റൂബി ഹാൾ ക്ലിനിക്ക് പൂനെ) പറയുന്നത്.

ആർഎയുടെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളും ലിംഫോമയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഘടകമാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആർഎ ഉള്ള എല്ലാവര്‍ക്കും ബ്ലഡ് ക്യാന്‍സര്‍ ഉണ്ടാകും എന്നല്ല. ആർഎ ഉള്ള വ്യക്തികളിൽ ലിംഫോമ ഉണ്ടാകാനുള്ള സാധ്യത വിവിധ ഘടകങ്ങളാൽ ബന്ധപ്പെട്ടിരിക്കുന്നു. ആർഎയുടെ തീവ്രത, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളുടെ ഉപയോഗം, പ്രായവും ജനിതക ഘടകങ്ങളും എല്ലാം ഇതില്‍ ഉള്‍പ്പെടും. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് ആര്‍എ ഉള്ള വ്യക്തികളിൽ ലിംഫോമയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡോ. വിജയ് രമണൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *