Your Image Description Your Image Description
Your Image Alt Text

ക്യാൻസര്‍, ഇന്ന് സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടുള്ളൊരു രോഗം തന്നെയാണ്. എന്നാല്‍ പലപ്പോഴും ക്യാൻസര്‍ ചികിത്സയില്‍ വലിയ വെല്ലുവിളിയാകുന്നത് രോഗം വൈകി കണ്ടെത്തുന്നു എന്നതാണ്. ക്യാൻസര്‍ ചികിത്സയ്ക്കായുള്ള സാമ്പത്തികച്ചിലവ് താങ്ങാനാകാത്തതും ദരിദ്രരാജ്യങ്ങളിലെയും മൂന്നാംലോക രാജ്യങ്ങളിലെയും പ്രശ്നമാണ്.

എന്തായാലും നമ്മുടെ ജീവിതരീതികളില്‍ ചിലതെല്ലാം ശ്രദ്ധിക്കാനായാല്‍ ഒരു പരിധി വരെ ക്യാൻസര്‍ പിടിപെടാതെ സുരക്ഷിതരാകാൻ നമുക്ക് സാധിക്കും. എന്നാല്‍ ഇതുകൊണ്ട്  ക്യാൻസറിനെ പൂര്‍ണമായി ചെറുക്കാനാവില്ല. നല്ലരീതിയില്‍ ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ സാധിക്കും. ഇത്തരത്തില്‍ ആമാശയത്തെ ബാധിക്കുന്ന ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ നമുക്ക് ജീവിതരീതികളില്‍ ശ്രദ്ധിക്കാൻ സാധിക്കുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഭക്ഷണം…

എല്ലാ പോഷകങ്ങളും ഉറപ്പിക്കുംവിധത്തില്‍ സമഗ്രമായ- അല്ലെങ്കില്‍ ബാലൻസ്ഡ് ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. കൂട്ടത്തില്‍ ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യണം. ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ (പാക്കറ്റ് ഫുഡ്സ്, പ്രോസസ്ഡ് ഫുഡ്സ്) ഭക്ഷണങ്ങളാണ് പ്രധാനമായും ഇങ്ങനെ ഒഴിവാക്കേണ്ടത്. ഉണക്കമീനും അതുപോലെ ഉപ്പിട്ട് വച്ച് ഉപയോഗിക്കുന്ന നാടൻ വിഭവങ്ങളുമെല്ലാം നിയന്ത്രിക്കുന്നതാണ് നല്ലത്.

അമിതവണ്ണം…

ആമാശയാര്‍ബുദത്തിലേക്ക് സാധ്യതയൊരുക്കുന്നൊരു ഘടകമാണ് അമിതവണ്ണം. പല ക്യാൻസറുകളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം അമിതവണ്ണം സാധ്യതയൊരുക്കും. ഇതില്‍ പ്രധാനമാണ് ആമാശയാര്‍ബുദം എന്ന് മാത്രം. അതിനാല്‍ പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ച് ശരീരഭാരം സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

പുകവലി…

പല തരത്തിലുള്ള ക്യാൻസറിലേക്കും പുകവലി നമ്മെ നയിക്കാം. ഇതിലൊന്നാണ് ആമാശയാര്‍ബുദവും. പുകയിലയിലുള്ള ‘കാര്‍സിനോജെൻസ്’ വയറ്റിനകത്ത് ട്യൂമറുണ്ടാകാൻ കാരണമാവുകയാണ് ചെയ്യുന്നത്.

മദ്യപാനം…

പുകവലി പോലെ തന്നെ അപകടകരമാണ് മദ്യപാനവും. ഇതും പലവിധത്തിലുള്ള ക്യാൻസറുകള്‍ക്കും രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. കൂട്ടത്തില്‍ വയറ്റിലെ ക്യാൻസറിനും സാധ്യതയൊരുക്കുന്നു.

അനീമിയ…

അനീമിയ അഥവാ വിളര്‍ച്ച ഗുരുതരമായി ബാധിക്കുന്നതും ആമാശയാര്‍ബുദത്തിന് വഴിയൊരുക്കാം. അതിനാല്‍ വിളര്‍ച്ചയുള്ളവര്‍ ഇതിനുള്ള ചികിത്സ കൃത്യമായി സ്വീകരിച്ചിരിക്കണം.

തൊഴില്‍…

ചിലര്‍ അനാരോഗ്യകരമായ അന്തരീക്ഷത്തിലായിരിക്കും ജോലി ചെയ്യുന്നത്. കല്‍ക്കരി, ലോഹം, റബ്ബര്‍ എന്നിങ്ങനെയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരിലെല്ലാം ഇത്തരത്തില്‍ ആമാശയാര്‍ബുദത്തിന് സാധ്യത കൂടുതല്‍ കാണാറുണ്ട്.

പാരമ്പര്യം…

ക്യാൻസര്‍ അടക്കം പല രോഗങ്ങളിലും ഒരു പ്രധാന സ്വാധീനഘടകം പാരമ്പര്യമാണ്. ആമാശയാര്‍ബുദത്തിലും അങ്ങനെ തന്നെ. പാരമ്പര്യഘടകങ്ങള്‍ക്കൊപ്പം രോഗം പിടിപെടാൻ അനുകൂലമായ ജീവിതസാഹചര്യങ്ങള്‍ കൂടിയുണ്ടാകുന്നതാണ് എപ്പോഴും ‘റിസ്ക്’ ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *