Your Image Description Your Image Description
Your Image Alt Text

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും അതിന്‍റേതായ പ്രത്യേകതകളും പ്രാധാന്യമുണ്ട്. ഏത് അവയവം ബാധിക്കപ്പെട്ടാലും അത് നമ്മുടെ നിലനില്‍പിന് ഭീഷണി തന്നെയാണ്. എങ്കിലും ചില അവയവങ്ങളുടെ ആരോഗ്യത്തെ ചൊല്ലി അല്‍പം കൂടുതല്‍ ആശങ്ക നമ്മളിലുണ്ടാകാം. ഇത്തരത്തിലുള്ള അവയവമാണ് കണ്ണുകളെന്ന് പറയാം.

വളരെ നേരിയൊരു പരിക്കോ അശ്രദ്ധയോ പോലും കണ്ണുകളെ അപകടപ്പെടുത്താമെന്ന ചിന്തയാകാം ഈ ആശങ്കയ്ക്ക് പിന്നില്‍. ഇപ്പോഴാണെങ്കില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സ്ക്രീനുകളുടെ അമിതോപയോഗവും അധികപേരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്തായാലും ഇങ്ങനെ കാഴ്ചാശക്തി നഷ്ടപ്പെടുമോ, കണ്ണുകളെ എന്തെങ്കിലും രോഗം കീഴടക്കുമോ എന്ന ഭയം എപ്പോഴും തോന്നാറുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്…

ഒന്ന്…

കണ്ണുകളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുംവിധത്തില്‍ ഭക്ഷണത്തെ ക്രമീകരിക്കണം. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പിക്കണം. ഇലക്കറികള്‍, വിവിധ നിറത്തിലുള്ള പഴങ്ങള്‍ (വിവിധ പോഷകങ്ങള്‍ ലഭിക്കുന്നതിന്), ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ വിഭവങ്ങള്‍ (മീൻ, ഫ്ളാക്സ് സീഡ്സ് പോലെ) എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തണം.

രണ്ട്…

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ല എന്നുണ്ടെങ്കിലും അത് കണ്ണുകളെ ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

മൂന്ന്…

അധികസമയം സ്ക്രീനിന് മുമ്പില്‍ ചിലവിടുന്നവരാണെങ്കില്‍ ഇത് കണ്ണുകളെ ബാധിക്കാതിരിക്കാൻ അനുയോജ്യമായ വിധത്തിലുള്ള കണ്ണട ഉപയോഗിച്ച് ശീലിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ജോലിസംബന്ധമായി കണ്ണുകള്‍ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അനുയോജ്യമായ കണ്ണടകളുടെ ഉപയോഗം വേണം.

നാല്…

പതിവായ വ്യായാമവും പലവിധത്തിലുള്ള രോഗങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കും. ഇക്കൂട്ടത്തില്‍ കണ്ണുകളുടെ ആരോഗ്യവും ഭദ്രമാകും. അതിനാല്‍ ദിവസവും 30 മിനുറ്റ് നേരത്തെ വ്യായാമമെങ്കിലും ഉറപ്പിക്കുക.

അഞ്ച്…

പുകവലി, മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തീര്‍ച്ചയായും കണ്ണുകളെയും ബാധിക്കും. അതിനാല്‍ ഈ ദുശ്ശീലങ്ങളില്‍ നിന്ന് കഴിവതും മാറിനില്‍ക്കുക.

ആറ്…

പ്രമേഹം, കൊളസ്ട്രോള്‍, ബിപി പോലുള്ള ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ അവര്‍ അധികമായ ശ്രദ്ധ കണ്ണിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്നത് നല്ലതാണ്. ആദ്യമേ തന്നെ ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കലാണ് ചെയ്യേണ്ടത്. ഇവ നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ മുന്നോട്ട് പോകുന്നതാണ് കണ്ണുകള്‍ക്ക് വെല്ലുവിളിയാകുന്നത്.

ഏഴ്…

വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ രണ്ട് തവണയോ കണ്ണിന് ചെക്കപ്പ് നടത്തുന്നതും നല്ലൊരു ശീലമാണ്. കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ സമയബന്ധിതമായി തിരിച്ചറിയാനും ചികിത്സ തേടാനും കൂടുതല്‍ സങ്കീര്‍ണതകളുണ്ടാകാതെ അവ ഒഴിവാക്കാനുമെല്ലാം ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *