Your Image Description Your Image Description
Your Image Alt Text

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് 2024 ല്‍ എറണാകുളം ജില്ലയെയും കൊച്ചി നഗരത്തെയും ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍. ജില്ലയുടെ വാണിജ്യ, വ്യവസായ മേഖലയുടെയും അടിസ്ഥാന സൗകര്യ വികസന മേഖലയുടെയും ഒപ്പം നില്‍ക്കുന്ന ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലയുടെ വികസനക്കുതിപ്പിന് ഏറെ സഹായകരമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് 359000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയവും 3524337 ചതുരശ്ര അടി വിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും പരിസ്ഥിതി സൗഹൃദ പാര്‍ക്കുകളും 1942000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തി 2150 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര വാണിജ്യ ഭവന സമുച്ചയം നിര്‍മ്മിക്കും.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ അനുവദിച്ചു. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 200 കോടി വകയിരുത്തി. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.

കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കും. ഇതിനായി 239 കോടി രൂപ വകയിരുത്തി. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ഡോക്കിംഗ് സൗകര്യം എന്നിവയിലൂടെ യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ അനായാസ പ്രവേശനം സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള മോട്ടോര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കും. ഇതിനായി 91 കോടി വകയിരുത്തി.

ദേശീയ അന്തര്‍ദേശീയ ഇവന്റുകള്‍ക്ക് വേദിയാകാന്‍ കഴിയും വിധം കണ്‍വെന്‍ഷന്‍ സെന്ററുകള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും. 20 ഡെസ്റ്റിനേഷനുകളിലെങ്കിലും 500 ലധികം പേര്‍ക്ക് ഒരുമിച്ച് വരാനും കൂടിച്ചേരാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാരിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും കൂട്ടി യോജിപ്പിച്ച് പ്രത്യേക പദ്ധതി തയാറാക്കും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തി. ഇതിനായി 50 കോടി വകയിരുത്തി.

പെട്രോ കെമിക്കല്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് കൊച്ചിയില്‍ ബിപിസിഎല്ലിനോട് ചേര്‍ന്ന് 600 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 481 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇതില്‍ നിന്ന് 170 ഏക്കര്‍ ഭൂമി ബിപിസിഎല്ലിന് കൈമാറി. പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 13 കോടി വകയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *