Your Image Description Your Image Description
Your Image Alt Text

പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഭരണത്തെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യമാകെ ശക്തമായ പ്രതിരോധം ഉയർന്നുവരികയാണ്‌.

കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങൾ കൂട്ടത്തോടെ സമരം പ്രഖ്യാപിക്കുന്ന അപൂർവ സാഹചര്യമാണ്‌ രാജ്യത്ത്‌ സംജാതമായിരിക്കുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകം ബുധനാഴ്‌ച ഡൽഹിയിൽ സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചതാണ്‌ ഒടുവിലത്തേത്‌.

മന്ത്രിസഭ ഒന്നടങ്കവും ഭരണപക്ഷ എംഎൽഎമാരെല്ലാവരും സമരത്തിൽ പങ്കെടുക്കുമെന്നാണ്‌ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പറഞ്ഞത്‌. കേന്ദ്ര ബജറ്റിൽ കർണാടകത്തെ പൂർണമായും തഴഞ്ഞതിലും അർഹതപ്പെട്ട നികുതിവിഹിതംപോലും നൽകാതെ സാമ്പത്തികമായി ഞെരുക്കുന്നതിനുമെതിരെയാണ്‌ സമരം ചെയ്യുന്നത് .

കേരളത്തോടു കാണിക്കുന്ന കടുത്ത വിവേചനത്തിനെതിരെ എട്ടാം തീയതിയാണ് ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ മന്ത്രിമാരും എംഎൽഎമാരും സമരം നടത്തുന്നത് . അന്നേദിവസം തന്നെ കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനും പറഞ്ഞു.

കറുപ്പ്‌ ഷർട്ട്‌ ധരിച്ച്‌ പാർലമെന്റിലെത്തുന്ന ഡിഎംകെ എംപിമാർ ഗാന്ധിപ്രതിമയ്‌ക്കുമുന്നിൽ പ്രതിഷേധിക്കും. കോൺഗ്രസ്‌ ഉൾപ്പെടെ സഖ്യത്തിലെ മറ്റ്‌ എംപിമാരോടും പങ്കെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഡൽഹിയിലെയും പഞ്ചാബിലെയും ആം ആദ്‌മി സർക്കാരുകളും കേന്ദ്ര അവഗണനയ്‌ക്കെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിഷേധിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര സർക്കാരിനെതിരെ കൊൽക്കത്തയിൽ 48 മണിക്കൂർ ധർണ നടത്തി.

ഡൽഹിയിൽ സമരം നടത്തുമെന്ന്‌ ടിഎംസി പ്രഖ്യാപിച്ചിട്ടുമുണ്ട്‌. ഇങ്ങനെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ പ്രത്യക്ഷ സമരത്തിലാണ്‌.
കേരളം ഉന്നയിക്കുന്നതിനു സമാനമായ ആവശ്യങ്ങൾതന്നെയാണ്‌ മറ്റു സംസ്ഥാനങ്ങളും ഉയർത്തുന്നത്‌.

കേന്ദ്രം ഭരിക്കുന്ന ബിജെപി ഫെഡറൽ തത്വങ്ങളെല്ലാം തകർത്ത്‌ ഏകാധിപത്യരീതിയിലാണ്‌ പ്രവർത്തിക്കുന്നത്‌. അർഹമായ വിഹിതമോ പദ്ധതികളോ കൊടുക്കാതെ എല്ലാവിധത്തിലും സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നു .

പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും പറയാനുള്ളത്‌ സമാനമായ അവഗണനയുടെ കഥയാണ്‌. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ഉയർന്നില്ലെങ്കിൽ സംസ്ഥാനങ്ങളുടെ ഭാവിതന്നെ അപകടത്തിലാകും.

കേരളം സമരം പ്രഖ്യാപിക്കുന്നതിനുമുമ്പേ യുഡിഎഫ്‌ നേതാക്കളോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്‌ സംസാരിച്ചു. അവർക്ക്‌ സൗകര്യപ്രദമായ ദിവസം യോജിച്ച സമരം നടത്താൻ തയ്യാറാണെന്ന്‌ വി ഡി സതീശനോടും പി കെ കുഞ്ഞാലിക്കുട്ടിയോടും പറഞ്ഞു.

ആലോചിച്ച്‌ പറയാമെന്നു പറഞ്ഞ്‌ പിരിഞ്ഞവർ ബിജെപിക്കെതിരെ സമരം ചെയ്യാൻ തങ്ങളെ കിട്ടില്ലെന്ന പരസ്യ പ്രഖ്യാപനവുമായാണ്‌ പിന്നീട് രംഗത്ത്‌ വന്നത്‌. യുഡിഎഫിന്റെ ബിജെപി സ്‌നേഹം വഴിഞ്ഞൊഴുകുമ്പോൾത്തന്നെയാണ്‌ കർണാടകവും തമിഴ്‌നാടും തെലങ്കാനയുമെല്ലാം കേന്ദ്രവിരുദ്ധ സമരവുമായി രംഗത്ത്‌ വരുന്നത്‌.

കോൺഗ്രസ്‌ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയും ഇതിനൊക്കെയുണ്ട്‌. കേരളത്തിലെ യുഡിഎഫ്‌ നേതാക്കൾക്ക്‌ ഇനി എന്നാണാവോ നേരം വെളുക്കുക.

Leave a Reply

Your email address will not be published. Required fields are marked *