Your Image Description Your Image Description
Your Image Alt Text

കോട്ടയം: ശ്രീകുമാരന്‍ തമ്പി എഴുതിയ കേരള ഗാനം നിരാകരിച്ചതില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പി മഹാനായ കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ ആണിത്. മുഖ്യമന്ത്രിയും താനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണം എന്ന് തീരുമാനിച്ചത്. തനിക്ക് ബാധ്യതയുണ്ടെന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞ വിഷയത്തില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുന്നില്ല, സജി ചെറിയാന്‍ വ്യക്തമാക്കി

ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ക്ലീഷേ പ്രയോഗം ആണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോട് ചില മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീകുമാരന്‍ തമ്പി പാട്ടില്‍ മാറ്റം വരുത്തിയില്ല. അതിനെ തുടര്‍ന്ന് ബി കെ ഹരി നാരായണന്റെ പാട്ടാണ് ചില തിരുത്തുകള്‍ വരുത്തി സ്വീകരിച്ചത്. പാട്ട് നിരകാരിച്ച കാര്യം ശ്രീകുമാരന്‍ തമ്പിയെ അക്കാദമി സെക്രട്ടറി അറിയിച്ചുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്ന് തന്നെ അറിയിച്ചില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.സര്‍ക്കാരിന് വേണ്ടി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തോട് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു. കേരള ഗാനം തീരുമാനിക്കുന്നത് ഒരു കമ്മിറ്റിയാണ്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ആ കമ്മിറ്റി നിരാകരിച്ചു.

എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് യാത്രാബത്ത കൊടുക്കാത്തത് വിവാദമായ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതില്‍ വസ്തുതയുണ്ട്, അവിടെ സംഭവിച്ചത് സാഹിത്യ അക്കാദമിയുടെ ഓഫീസില്‍ സംഭവിച്ച പിഴവാണ്. സാഹിത്യ അക്കാദമി അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. അക്കാദമിയുടെ തലപ്പത്തടക്കം പ്രമുഖരായ വ്യക്തിത്വങ്ങളെയാണ് തങ്ങള്‍ നിയമിച്ചത്. കോണ്‍ഗ്രസ് പറയും പോലെ രാഷ്ട്രീയം നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *