Your Image Description Your Image Description
Your Image Alt Text

 

‘ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസർ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ പ്രസിദ്ധി നേടിയ പാകിസ്ഥാനി ഗായകൻ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിർമ്മിച്ച് പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രമായ ‘ഹാലി’ലൂടെയാണ് ആത്തിഫ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വിദേശത്തുവച്ച് ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയായെന്നും ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയാണെന്നുമാണ് സൂചന. ഏഴ് വർഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യൻ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാകിസ്താനി കലാകാരന്മാർക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിൻവലിക്കപ്പെട്ടത്. നവാഗതനായ നന്ദഗോപൻ വി ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനരചന മൃദുൽ മീറും നീരജ് കുമാറും ചേർന്നാണ്.

സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ‘ഹാൽ’ ഒരു പ്രണയകഥയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കും. തമിഴ് ചിത്രമായ മദ്രാസക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും.

ചിത്രത്തിന്റെ ക്യാമറ കാർത്തിക് മുത്തുകുമാർ, കലാസംവിധാനം പ്രശാന്ത് മാധവ്, എഡിറ്റർ ശ്രീജിത്ത് സാരംഗ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, വിഎഫ്എക്സ് ഡിടിഎം (ഡിജിറ്റൽ ടർബോ മീഡിയ), ഡിസൈൻസ് യെല്ലോ ടൂത്ത്, പിആർഒ – ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *