Your Image Description Your Image Description
Your Image Alt Text

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള നാടന്‍ കലാശില്‍പശാലക്ക് മതിലകം കളരിപ്പറമ്പ് യു.പി സ്‌കൂളില്‍ തുടക്കമായി.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ അധ്യക്ഷയായി. റഹിം വീട്ടിപ്പറമ്പില്‍, സുമതി സുന്ദരന്‍, എം.കെ പ്രേമനന്ദന്‍, സി.കെ ഗോപിനാഥന്‍, എം.എസ് ലെനിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ മുന്‍കൈയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന ഒന്നാണ് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി. 16 ല്‍ അധികം ഉപപദ്ധതികളാണ് സമേതത്തിന്റെ ഭാഗമായി ജില്ലയിലാകെ നടക്കുന്നത്.

12 ഉപജില്ലകളിലെയും കലോത്സവങ്ങളില്‍, നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുത്ത് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ 120 ഓളം കുട്ടികളാണ് നാട്ടുപ്പൊലിമ നാടന്‍ കലാ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. രമേഷ് കരിന്തലക്കൂട്ടം, ഡോ. ടി.പി രഞ്ജിത്ത്, അനീഷ് മണ്ണാര്‍ക്കാട് തുടങ്ങിയവരുടെ സോദാഹരണ ക്ലാസുകള്‍ നടന്നു. മണ്ണാര്‍ക്കാട് ഒറ്റ നാടന്‍ കലാപഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒറ്റക്കോലം അരങ്ങേറി.

ഞായറാഴ്ച രാവിലെ കൊടുങ്ങല്ലൂര്‍ നാഗക്ഷേത്രത്തിലെ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പുള്ളുവന്‍ പാട്ട് സ്വരാജ് കുഴൂരും സംഘവും അവതരിപ്പിക്കുന്ന വട്ടമുടിപ്പാട്ടും ഗിരീഷ് മുരിയാടും സംഘവും അവതരിപ്പിക്കുന്ന നന്തുണിപ്പാട്ടും അരങ്ങേറും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുഗത ശശിധരന്‍, കെ.എസ് ജയ എന്നിവര്‍ സംബന്ധിക്കും. നടനും ഗായകനുമായ വിനോദ് കെടാമംഗലം സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *