Your Image Description Your Image Description
Your Image Alt Text

വായ്‍നാറ്റം ആളുകളുടെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. മറ്റുള്ളവരോട് സംസാരിക്കാനോ, അടുത്തിടപഴകാനോ, ചിരിക്കാനോ എല്ലാം പ്രയാസപ്പെടുന്ന അവസ്ഥ. പൊതുവില്‍ വായ വൃത്തിയായി സൂക്ഷിക്കാത്തതിനാലാണ് വായ്‍നാറ്റമുണ്ടാകുന്നതെന്നാണ് വയ്പ്.

സത്യത്തില്‍ വായുടെ ശുചിത്വവുമായി ബന്ധപ്പെട്ട് മാത്രമല്ല വായ്‍നാറ്റമുണ്ടാകുന്നത്. പലരും പറയാറുണ്ട്, രണ്ട് നേരവും നന്നായി ബ്രഷ് ചെയ്യും- എങ്കിലും വായ്‍നാറ്റം വിട്ടുമാറുന്നില്ല എന്ന്. ബ്രഷിംഗ് മാത്രമല്ല ഇതിനെ സ്വാധീനിക്കുന്നത് എന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.

മറ്റെന്തെല്ലാം കാരണങ്ങളാകാം വായ്‍നാറ്റത്തെ സ്വാധീനിക്കുന്നത്? അല്ലെങ്കില്‍ രണ്ട് നേരം ബ്രഷ് ചെയ്തിട്ടും മാറാത്ത വായ്‍നാറ്റം എങ്ങനെയാണ് മാറ്റാൻ സാധിക്കുക? ഈ വിഷയത്തെ കുറിച്ച് ചിലത് പങ്കിടാം.

ബ്രഷിംഗ്, ഫ്ളോസിംഗ് (പല്ലുകള്‍ക്ക് ഇടയിലുള്ള ഭാഗം വൃത്തിയാക്കല്‍), നാവ് വടിക്കല്‍ എല്ലാം നിര്‍ബന്ധമായും ചെയ്യണം. ഇതെല്ലാം ചെയ്തിട്ടും വായ്‍നാറ്റം മാറുന്നില്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കണം. ഒപ്പം പുകവലി പോലുള്ള ശീലങ്ങള്‍ നിര്‍ബന്ധമായും ഉപേക്ഷിക്കണം.

ചിലര്‍ക്ക് ഡ്രൈ മൗത്ത് അഥവാ ഉമിനീര്‍ കുറവ് ഉത്പാദിപ്പിക്കപ്പെടുന്നതിന്‍റെ ഭാഗമായിട്ടാകാം വായ്‍നാറ്റമുണ്ടാകുന്നത്. ചിലര്‍ക്ക് ചില മരുന്നുകളുടെ ഉപയോഗമാകാം പ്രശ്നമായി വരുന്നത്. ചില ഭക്ഷണങ്ങളും വായ്‍നാറ്റമുണ്ടാക്കാം. അത് പക്ഷേ പെട്ടെന്ന് തിരിച്ചറിയാവുന്നതും പരിഹരിക്കാവുന്നതുമാണ്. ചിലര്‍ക്ക് മോണരോഗം ആകാം വായ്‍നാറ്റത്തിന് കാരണമാകുന്നത്. അതുപോലെ ശ്വാസകോശസംബന്ധമായ രോഗങ്ങളും വായ്‍നാറ്റത്തിന് കാരണമാകാറുണ്ട്. ദഹനപ്രശ്നങ്ങളും വായ്നാറ്റമുണ്ടാക്കാം. ഇത് വയറ്റിനകത്ത് നിന്ന് തന്നെ പുറപ്പെടുന്ന ദുര്‍ഗന്ധമാണ്.

ഇത്തരം കാരണങ്ങള്‍ക്കൊന്നും ബ്രഷിംഗോ ഫ്ലോസിഗോ പരിഹാരമല്ലല്ലോ. മറിച്ച് കാരണം കണ്ടെത്തി അതിന് പ്രത്യേകമായി തന്നെയുള്ള പരിഹാരമാണ് തേടേണ്ടത്.

നല്ലതുപോലെ ദിവസം മുഴുവൻ വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം, നേരത്തേ സൂചിപ്പിച്ചത് പോലെ പുകവലി പോലുള്ള ലഹരി ഉപയോഗം ഒഴിവാക്കുക, ഫ്ളൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആര്‍ക്കും ചെയ്യാവുന്നതാണ്. കഴിയുന്നതും കൃത്യമായ ഇടവേളകളില്‍ ഡ‍െന്‍റിസ്റ്റിനെ കാണുന്നത് വളരെ നല്ലതാണ്. മോണരോഗം, വായ്നാറ്റത്തിന് കാരണമാകുന്ന മറ്റ് രോഗങ്ങള്‍ എന്നിവ നിര്‍ണയിക്കുന്നതിന് ഡോക്ടറുടെ സഹായം കൂടിയേ തീരൂ. ഇത്തരത്തിലുള്ള രോഗങ്ങള്‍ കണ്ടെത്തിയാല്‍ അതിന് കൃത്യമായ ചികിത്സ തേടുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *