Your Image Description Your Image Description
Your Image Alt Text

 

വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ ചില ശീലങ്ങള്‍ മാറ്റണമെന്നുള്ള നിര്‍ദേശവുമായി കെഎസ്ഇബി. രാത്രിയിൽ വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം പലർക്കുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം മാറ്റുന്നത് നന്നായിരിക്കും. വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം. പീക്ക് ആവശ്യകതയും കുറഞ്ഞു. ഇന്നലത്തെ ആവശ്യകത 5482 മെഗാവാട്ടാണ്. മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഉപയോഗം കുറയാൻ കാരണമായെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിക്കുകയാണ് കെഎസ്ഇബി ലക്ഷ്യം.

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് സർചാർജ്ജും തിരിച്ചടിയാകുന്നുണ്ട്. നിലവിലുള്ള 9 പൈസ സർചാർജ്ജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. ആകെ 19 പൈസയാണ് സർചാർജ്ജ്. മാർച്ചിലെ ഇന്ധന സർചാർജ്ജായാണ് തുക ഈടാക്കുന്നത്. രണ്ട് ദിവസം ഉപഭോഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കും. ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥ പ്രവചനങ്ങളും വകുപ്പിന് ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *