Your Image Description Your Image Description
Your Image Alt Text

പ്രമേഹം, അഥവാ ഷുഗര്‍ ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹം എത്രമാത്രം അപകടകരമാണെന്ന് ആളുകള്‍ ഇന്ന് വ്യാപകമായി മനസിലാക്കുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ തിരിച്ചടിയെന്തെന്നാല്‍ ഓരോ വര്‍ഷവും പെരുകിക്കൊണ്ടിരിക്കുന്ന പ്രമേഹരോഗികളുടെ എണ്ണമാണ്.

പാരമ്പര്യഘടകത്തിലുമധികം മോശം ജീവിതരീതികളാണ് യുവാക്കളെ പോലും കൂടുതലായി പ്രമേഹത്തിലേക്ക് എത്തിക്കുന്നത്. പ്രമേഹം സമയത്തിന് തിരിച്ചറിയുകയും അതിനെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളോ ചികിത്സയോ അവലംബിക്കുകയോ ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്.

പ്രമേഹത്തെ തിരിച്ചറിയണമെങ്കില്‍ അതിന്‍റെ ലക്ഷണങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം. ഇത്തരത്തില്‍ പ്രമേഹത്തിന്‍റെ ലക്ഷണമായി വരുന്നൊരു പ്രശ്നമാണ് കാല്‍പാദങ്ങളില്‍ തളര്‍ച്ച തോന്നുന്നത്. പക്ഷേ ഇത് ഏറെ ശ്രദ്ധിക്കേണ്ട ഘട്ടമാണെന്നതാണ് സത്യം. കാരണം രക്തത്തിലെ ഷുഗര്‍നില നല്ലതുപോലെ ഉയരുന്നതിന്‍റെ ഭാഗമായാണ് ഈ ലക്ഷണം കാണുന്നത്.

രക്തത്തിലെ ഷുഗര്‍നില അധികരിക്കുമ്പോള്‍ കാലിലെ ഞരമ്പുകളെ അത് ബാധിക്കുന്നതോടെയാണ് ഇങ്ങനെ അനുഭവപ്പെടുന്നത്. അതുപോലെ തന്നെ കാല്‍പാദങ്ങളിലോ വിരലുകളിലോ ചെറിയ മുറിവുകള്‍ വരുന്നതും ശ്രദ്ധിക്കണം. പലരും പ്രമേഹമുള്ളത് അറിയാതെ ഏറെ കാലം മുന്നോട്ട് പോകാറുണ്ട്. പ്രമേഹത്തിന്‍റേതായ അനുബന്ധപ്രയാസങ്ങളെല്ലാം മറ്റ് ആരോഗ്യപ്രശ്നങ്ങളായി ഇവര്‍ കണക്കാക്കും.

ഒടുവില്‍ അനിയന്ത്രിതമായ അളവിലേക്ക് പ്രമേഹം നീങ്ങുമ്പോഴാണ് ഇങ്ങനെ പാദങ്ങളില്‍ മുറിവുകളുണ്ടാകുന്നതും അത് ഉണങ്ങാതിരിക്കുന്നതും മറ്റും.  കാലിലെ ഞരമ്പുകളെ പ്രമേഹം ബാധിക്കുന്നത് മൂലം തളര്‍ച്ച മാത്രമല്ല, ഇടയ്ക്ക് മരവിപ്പ്, വേദന, വിറയല്‍, എരിച്ചില്‍ എല്ലാം അനുഭവപ്പെടാം. ഇതെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെ.

പ്രമേഹം മൂലം രക്തയോട്ടം തടസപ്പെടുന്ന അവസ്ഥയുമുണ്ടാകാം. ഇത് ‘പെരിഫറല്‍ ആര്‍ട്ടറി രോഗം’ എന്നറിയപ്പെടുന്നു. പ്രത്യേകിച്ചും കാലിലേക്കും പാദങ്ങളിലേക്കുമെല്ലാമുള്ള രക്തയോട്ടമാണ് തടസപ്പെടുക.ഇത് പാദങ്ങള്‍ വല്ലാതെ തണുത്തിരിക്കുന്നതിന് കാരണമാകും. ഇവിടത്തെ സ്കിൻ നിറത്തിലും മാറ്റം വരാം.

പ്രമേഹം ഹൃദയം, വൃക്ക, കണ്ണുകള്‍ എന്നിങ്ങനെയുള്ള അവയവങ്ങളെയെല്ലാം ബാധിക്കാം. മതിയായ ചികിത്സയോ അല്ലെങ്കില്‍ നിയന്ത്രണമോ ഉണ്ടെങ്കില്‍ പേടിക്കാനില്ല. പ്രമേഹം സമയത്തിന് തിരിച്ചറിയുന്നതാണ് ആദ്യമേ സൂചിപ്പിച്ചത് പോലെ സുരക്ഷിതം. അല്ലാത്ത പക്ഷം വൈകിയ വേളയിലെങ്കിലും ഇത് തിരിച്ചറിയാൻ കഴിയണം.അതല്ല എങ്കില്‍ ജീവനും പണയത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *