Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്.

മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. നേർത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കുട്ടി മരിച്ച ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച സമീറയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. എന്നാൽ കുതിരവട്ടത്തെ ചികിത്സയിൽ സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. അന്ധവിശ്വാസമാകാം കൊലയ്ക്ക് കാരണമെന്നാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. എന്നാൽ കുറ്റം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ സമീറയെ വെറുതെ വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *