Your Image Description Your Image Description

തിരൂർ: പതിറ്റാണ്ടുകളായി പള്ളിയിലേക്ക് പോകാൻ ഉപയോഗിക്കുന്ന വഴി മതിൽ കെട്ടി അടച്ച റെയിൽവേ നാട്ടുകാരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ താൽക്കാലികമായി ഏതാനും കല്ലുകൾ ഇളക്കി മാറ്റി. തിരൂർ റെയിൽവേ സ്റ്റേഷനു മുൻപിലെ വഞ്ചിക്കടവ് ജുമാഅത്ത് പള്ളിയിലേക്കുള്ള വഴിയാണ് റെയിൽവേ അടച്ചത്. സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായാണ് ഇവിടെ മതിൽ കെട്ടിയത്.

പള്ളിയിലേക്കുള്ള വഴി റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെയായിരുന്നു. ഇതുവഴി നടന്നാണ് വിശ്വാസികൾ പള്ളിയിലെത്തി നമസ്കാരം നടത്തിയിരുന്നത്. ഇങ്ങോട്ട് മറ്റു വഴികളില്ല. പതിറ്റാണ്ടുകളായി ഈ വഴി ഉപയോഗിക്കുന്നു. ഇതിനിടെ അമൃത് ഭാരത് പദ്ധതിപ്രകാരം ചുറ്റും മതിൽ കെട്ടാൻ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ ഡിവിഷനൽ റെയിൽവേ മാനേജർ എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം മതിൽ കെട്ടാൻ പണിക്കാർ എത്തിയപ്പോൾ നാട്ടുകാർ ഇടപെടുകയും പ്രശ്നം ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.

എംപി ഡിവിഷനൽ റെയിൽവേ മാനേജരുമായി സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാമെന്ന് മാനേജർ അറിയിക്കുകയും പണി തൽക്കാലം നിർത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ എൻജിനീയറുടെ മതിലിന്റെ പണി തുടങ്ങി. നാട്ടുകാർ പ്രതിഷേധവുമായി എത്തി. എന്നാൽ എൻജിനീയർ പണി നടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ മേലധികാരികളുമായി സംസാരിച്ച് താൽക്കാലികമായി പണി നിർത്തിവയ്ക്കാനുള്ള നടപടിയെടുത്തു.

തുടർന്ന് പള്ളിയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് നിർമിച്ചു തുടങ്ങിയ മതിലിന്റെ ഏതാനും കല്ലുകളും മാറ്റിക്കൊടുത്തു. ഇതോടെ താൽക്കാലികമായി നാട്ടുകാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറി. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *