Your Image Description Your Image Description
Your Image Alt Text

കൊച്ചി: നൂതന സാങ്കേതികമേഖലകളിലുള്‍പ്പെടെയുള്ള സഹകരണം ലക്ഷ്യമിട്ട് നോയ്ഡയിലെ സാംസങ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ആര്‍ ആന്‍ഡ് ഡി) ഇന്‍സ്റ്റിറ്റ്യൂട്ടും കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (ഐ.ഐ.ടി.കെ.) ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഗവേഷണം, ശേഷി വികസനം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് അഞ്ചുവര്‍ഷം നീളുന്ന സഹകരണമാണ് ലക്ഷ്യമിടുന്നത്.

 

പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കാണ്‍പുര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സാംസങ്ങിലെ എന്‍ജിനീയര്‍മാരും ചേര്‍ന്നുള്ള സംയോജിത പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഇന്നത്തെ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള കഴിവുകള്‍ വിദ്യാര്‍ത്ഥികളില്‍ വികസിപ്പിക്കുന്നതിന് ഇത് സഹായകമാകും. ആരോഗ്യം, വിഷ്വല്‍, ഫ്രെയിംവര്‍ക്ക്, ബി2ബി സെക്യൂരിറ്റി, പുത്തന്‍ സാങ്കേതികമേഖലകളായ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് എന്നിവയിലേക്ക് നീളുന്നതാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍. നാളെയുടെ സാങ്കേതികത എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ.ഐ.(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ക്ലൗഡ് തുടങ്ങിയവയില്‍ ആവശ്യമായ കഴിവുകള്‍ നേടുന്നതിന് സാംസങ് എന്‍ജിനീയര്‍മാരെ ഈ സഹകരണം സഹായിക്കും.

 

എസ്.ആര്‍.ഐ. നോയ്ഡ മാനേജിങ് ഡയറക്ടര്‍ ക്യൂന്‍ഗ്യൂന്‍ റൂ കാണ്‍പൂര്‍ ഐ.ഐ.ടി. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡീന്‍ പ്രൊഫ.തരുണ്‍ ഗുപ്ത എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കാണ്‍പൂര്‍ ഐ.ഐ.ടി.ഡയറക്ടര്‍ പ്രൊഫ.എസ്.ഗണേഷ്, പ്രൊഫ. സന്ദീപ് വര്‍മ്മ (കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ്), പ്രൊഫ.തുഷാര്‍ സന്ദാന്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പ്) സാംസങ് ഉന്നതപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

കാണ്‍പൂര്‍ ഐ.ഐ.ടിയുമായുള്ള സഹകരണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്.ആര്‍.ഐ. നോയ്ഡ മാനേജിങ് ഡയറക്ടര്‍ ക്യൂന്‍ഗ്യൂന്‍ റൂ പറഞ്ഞു. പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള കഴിവുകളോടെ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ഈ സഹകരണം സഹായിക്കും. അക്കാദമികമായ മികവ് വ്യാവസായിക മുന്നേറ്റത്തിനൊപ്പം ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ഈ കൂട്ടായ്മ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. പുത്തന്‍ ആശയങ്ങളും അറിവും കഴിവുമെല്ലാം ഒന്നുചേരുമ്പോള്‍ സമൂഹത്തിന്റെ ഗതിമാറ്റാന്‍ കെല്‍പ്പുള്ള പുത്തന്‍ കണ്ടുപിടുത്തങ്ങളാകാം. സാംസങ്ങിനും കാണ്‍പൂര്‍ ഐ.ഐ.ടിയ്ക്കുമൊപ്പം സമൂഹത്തിനാകെ ഈ കൂട്ടായ്മ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പുത്തന്‍ സാങ്കേതികതയെ അടുത്തറിയുന്നതിനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നതെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി.ഡയറക്ടര്‍ പ്രൊഫ.എസ്.ഗണേഷ് പറഞ്ഞു. കാണ്‍പൂര്‍ ഐ.ഐ.ടിയുടെ അക്കാദമിക് മികവും സാസംങ് ഇന്ത്യയുടെ സാങ്കേതികവൈദഗ്ധ്യവും ഒത്തുചേരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ അവസരമാണ് ഒരുങ്ങുന്നത്. പുസ്തകങ്ങളില്‍ നിന്നുള്ള അറിവിനൊപ്പം വ്യാവസായിക മേഖലയില്‍ നിന്നുള്ള പ്രായോഗിക പരിശീലനത്തിന് കൂടി അവസരം ലഭിക്കുന്നതോടെ അക്കാദമിക- വ്യവസായിക മേഖലകള്‍ തമ്മിലുള്ള വിടവ് നികത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികരംഗത്തെ മുന്നേറ്റങ്ങള്‍ അടുത്തറിയുന്നതിനുള്ള അവസരമാണ് ഈ സഹകരണം വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡീന്‍ പ്രൊഫ.തരുണ്‍ ഗുപ്ത പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സമാനതകളില്ലാത്ത അവസരമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയുടെ ആവശ്യങ്ങളറിഞ്ഞുള്ള ഗവേഷണത്തിലാകും കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളാവുക. സാംസങ്ങിലെ എന്‍ജിനീയര്‍മാര്‍ക്കൊപ്പം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണപ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികള്‍ സഹകരിക്കും. ഗവേഷണഫലങ്ങള്‍ സാംസങ്ങിലെ എന്‍ജിനീയര്‍മാരുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധീകരിക്കാനാകും.

 

സാംസങ്ങിലെ എന്‍ജിനീയര്‍മാര്‍ക്കും ഒരേ പോലെ ഗുണകരമാണ് ഈ സഹകരണം. എന്‍ജിനീയര്‍മാര്‍ക്കായി കാണ്‍പൂര്‍ ഐ.ഐ.ടി.പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. കാണ്‍പൂര്‍ ഐ.ഐ.ടിയുടെ അക്കാദമിക് മികവ് എന്‍ജിനീയര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താനാകും. ഡിഗ്രി പ്രോഗ്രാമുകള്‍, സര്‍ട്ടിഫിക്കേഷന്‍സ്, പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കോഴ്‌സുകള്‍ എന്നിവയെല്ലാം സാസംങ്ങിന് കീഴിലുള്ള എന്‍ജിനീയര്‍മാരുടെ ശേഷി വികസനത്തിന് സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *