Your Image Description Your Image Description
Your Image Alt Text

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്- എന്നുവച്ചാല്‍ വിവിധ അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പല പോഷകങ്ങളും ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇതില്‍ പ്രധാനമാണ്. ഇത്തരത്തില്‍ നമുക്ക് അവശ്യം വേണ്ടുന്നൊരു ഘടകമാണ് പൊട്ടാസ്യം.

ഇങ്ങനെ നമുക്ക് വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ തീര്‍ച്ചയായും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. സമാനമായി പൊട്ടാസ്യം കുറഞ്ഞാല്‍ അത് എങ്ങനെയെല്ലാമാണ് നമ്മെ ബാധിക്കുക, എങ്ങനെ തിരിച്ചറിയാം, അപകടകരമായി കുറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇതെങ്ങനെ മനസിലാക്കാം- തുടങ്ങിയ കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ശരീരത്തിലെ കോശങ്ങള്‍ക്കും, പേശികള്‍ക്കും, നാഡികള്‍ക്കുമെല്ലാം ശരിയായി പ്രവര്‍ത്തിക്കാൻ പൊട്ടാസ്യം വേണം. സ്വാഭാവികമായും പൊട്ടാസ്യം നില താഴുന്നത് ഹൃദയത്തെയും പേശികളെയും എല്ലാം പ്രതികൂലമായി ബാധിക്കാം. ഇത് നിസാരമാണെന്ന് ചിന്തിക്കല്ലേ. ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല ‘പണി’യാണ് പൊട്ടാസ്യം കുറവും നമുക്ക് തരിക.

പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം പൊട്ടാസ്യം നേടുന്നത്. എന്നാല്‍ ശരിയായ ഭക്ഷണരീതിയല്ല നാം പിന്തുടരുന്നത് എങ്കില്‍ പൊട്ടാസ്യം അടക്കം പല ഘടങ്ങളിലും കുറവുണ്ടാകാം. അതുപോലെ പതിവായ മദ്യപാനം, ചില മരുന്നുകള്‍, വൃക്ക രോഗം എല്ലാം പൊട്ടാസ്യം കുറവിന് കാരണമാകാറുണ്ട്.

ഇങ്ങനെ പൊട്ടാസ്യം കുറവായാല്‍ ചിലരില്‍ ലക്ഷണങ്ങളൊന്നും ആദ്യം കാണണമെന്നില്ല. ഒരു വിഭാഗം പേരില്‍ അസാധാരണമായ തളര്‍ച്ച, മലബന്ധം, നെഞ്ചിടിപ്പില്‍ വ്യത്യാസം, പേശികളില്‍ ബലക്കുറവ്- വേദന, കൈകാലുകളില്‍ വിറയല്‍ അല്ലെങ്കില്‍ മരവിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം കാണാം.

ഈ ലക്ഷണങ്ങള്‍ പരിഗണിക്കുകയോ, ഇത് പരിശോധിച്ച് മനസിലാക്കി- പരിഹാരം കാണുകയോ ചെയ്തില്ല എങ്കില്‍ വീണ്ടും അവസ്ഥ മോശമാകാം. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ പേശികള്‍ തുള്ളിക്കൊണ്ടിരിക്കുക, വേദന. നടക്കാനോ മറ്റ് കാര്യങ്ങളോ ചെയ്യാൻ സാധിക്കാത്ത തളര്‍ച്ച, ഇത് ചിലരില്‍ പരാലിസിസ് അഥവാ തളര്‍വാതത്തിലേക്ക് വരെ എത്തിക്കാം, ബിപി വല്ലാതെ കുറയല്‍, ബോധക്ഷയം, കലകറക്കം, നെഞ്ചിടിപ്പില്‍ വ്യത്യാസം, അമിതമായ മൂത്രശങ്ക, അമിതമായ ദാഹം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണാം.

ഈ ഘട്ടത്തിലെങ്കിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അത് ഭീഷണി തന്നെയാണ്. അതിനാല്‍ പൊട്ടാസ്യം അടക്കമുള്ള ധാതുക്കളുടെയും വൈറ്റമിനുകളുടെയുമെല്ലാം അളവ് കൃത്യമായ ഇടവേളകളില്‍ രക്തപരിശോധനയിലൂടടെ ഉറപ്പിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *