Your Image Description Your Image Description

സാനിറ്ററിമാലിന്യ നിർമ്മാർജ്ജനത്തിൽ സ്മാർട്ടായി ഏലൂർ മുനിസിപ്പാലിറ്റി . ബയോമെഡിക്കല്‍ മാലിന്യം കൃത്യമായി സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ആക്രി ആപ്ലിക്കേഷൻ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

കേരത്തിലെ വിവിധ കോർപ്പറേഷനുകളിലും നഗരസഭകളിലും സേവനം ലഭ്യമാക്കുന്ന ആക്രിആപ്പ് തൃക്കാക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന എ4 മെര്‍ക്കന്റെയ്ല്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആപ്പില്‍ ബയോമെഡിക്കല്‍ വേസ്റ്റ് എന്ന കാറ്റഗറിയില്‍ ബുക്ക് ചെയ്യുന്ന തിയതിയില്‍ ആപ്പ് പ്രതിനിധികള്‍ ഉപയോക്താക്കളുടെ വീട്ടുപടിക്കൽ മാലിന്യം ശേഖരിക്കാൻ തയ്യാറായി വരും.
കുട്ടികളും മുതിര്‍ന്നവരും ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിംഗ് കോട്ടണ്‍, സൂചിയോടുകൂടിയ സിറിഞ്ചുകള്‍, സൂചി ടിപ്പ് കട്ടറുകളില്‍ നിന്നോ ബര്‍ണറുകളില്‍ നിന്നോ ഉള്ള സൂചികള്‍, കാലഹരണപ്പെട്ടതോ ഉപേക്ഷിച്ചതോ ആയ മരുന്നുകള്‍, മനുഷ്യ ശരീരഘടനാ മാലിന്യങ്ങള്‍, മൃഗങ്ങളുടെ ശരീരഘടനാ മാലിന്യങ്ങള്‍, ഉപയോഗിച്ചതും ഉപേക്ഷിച്ചതും മലിനമായതുമായ മൂര്‍ച്ചയുള്ള ലോഹങ്ങള്‍, ഉപയോഗശൂന്യമായ ഗ്ലാസ് മരുന്നുകുപ്പികള്‍, പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍, ആംപ്യൂളുകള്‍, സൈറ്റോടോക്‌സിക് മാലിന്യങ്ങള്‍, ട്യൂബുകള്‍, ഗ്ലൗസ്, ഇന്‍ട്രാവെനസ് ട്യൂബുകള്‍/സെറ്റുകള്‍, കത്തീറ്ററുകള്‍, യൂറിന്‍ ബാഗുകള്‍, സൂചികള്‍ ഇല്ലാത്തതും മുറിച്ചുമാറ്റിയതുമായ സിറിഞ്ചുകള്‍, രാസമാലിന്യം, ബയോടെക്‌നോളജി, മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ നിര്‍മ്മാര്‍ജനമാണ് ആക്രി ആപ്പ് വഴി എ4 മെര്‍ക്കന്റെയ്ല്‍സ് നടത്തുന്നത്.

ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മാലിന്യങ്ങൾ ഇന്‍സിനറേറ്ററുകളില്‍ മലിനീകരണമില്ലാതെ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് എ4 മെര്‍ക്കന്റെയ്ല്‍സ് ഉറപ്പുവരുത്തുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആക്രി ആപ്പ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 890 5089 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടാം.

2019 മാര്‍ച്ചിലാണ് ആക്രി ആപ്പ് ലോഞ്ച് ചെയ്തത്. ആപ്പ് അധിഷ്ഠിത സ്‌ക്രാപ്പ് ശേഖരണ സേവനമാണ് എ4 മെര്‍ക്കന്റെയ്ല്‍സ് നടത്തുന്നത്. വീടുകളിലെയും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെയും ആക്രിയും വിവിധ തരം മാലിന്യങ്ങളും ഇവർ ശേഖരിക്കും. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ എ4 മെര്‍ക്കന്റെയ്ല്‍സ് സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *