Your Image Description Your Image Description

ഡൽഹി: സഞ്ജയ് സിങ്ങിന്റെ നേത്വത്തിലുള്ള പുതിയ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിനു പിന്നാലെ, ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ. ഡിസംബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ ലൈംഗികാതിക്രമമുയർന്ന ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെയാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

വനിത ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയതോടെ, ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവരാണ് ജന്തർ മന്ദറിൽ ബ്രിജ്ഭൂഷണെതിരായ പ്രതിഷേധത്തിന് തുടക്കമിട്ടത്. എന്നാൽ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കായികമന്ത്രി ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഉറപ്പുനൽകി.

അന്വേഷണത്തിന്റെ ഭാഗമായി ബ്രിജ് ഭൂഷൺ ഗുസ്തി ഫെ​ഡറേഷൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. കായികമന്ത്രിയുടെ ഉറപ്പിൽ ഗുസ്തി താരങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസ് നോട്ടീസ് അയച്ചിരുന്നു. പിന്നീട് കേസെടുത്ത ഡൽഹി പൊലീസ് ബ്രിജ് ഭൂഷന്റെ മൊഴിയും രേഖപ്പെടുത്തി.

പിന്നീടാണ് ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഗുസ്തി താരങ്ങൾ ​പ്രതിഷേധം പുനഃരാരംഭിച്ചു. ഫെഡറേഷൻ​ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ താനിനി ഗുസ്തി മത്സരത്തിനില്ലെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചു. ഗുസ്തി താരമായ ബജ്റംഗ് പൂനിയ പദ്മശ്രീ തിരിച്ചുനൽകി.

Leave a Reply

Your email address will not be published. Required fields are marked *