Your Image Description Your Image Description

രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം ദുരിതത്തിലായിരുന്ന മലപ്പുറം ജില്ലയിലെ വേങ്ങര തട്ടാഞ്ചേരിമല നിവാസികൾക്ക് ഇനി കുടിവെള്ളം കിട്ടാക്കനിയാവില്ല. തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിച്ചു. ചെറുകരമല കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികളും മന്ത്രി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 17-ാം വർഡിൽ സ്ഥിതി ചെയ്യുന്ന തട്ടാഞ്ചേരിമല, ചെറുകരമല എന്നീ ഉയർന്ന ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 99.5 ലക്ഷം രൂപ വിനിയോഗിച്ചാണ് തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. 2016ൽ ലഭ്യമാക്കിയ 35 ലക്ഷം രൂപ വിനിയോഗിച്ച് ഒന്നാംഘട്ടമായി കടലുണ്ടിപ്പുഴയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാണ്ടികശാലകടവിൽ കിണറും ചൂണ്ടയിൽ കദിയുമ്മ കൈമാറിയ സ്ഥലത്ത് സംഭരണ ടാങ്കും നിർമിച്ചു. 2021ൽ രണ്ടാംഘട്ടമായി അനുവദിച്ച 64.5 ലക്ഷം രൂപ വിനിയോഗിച്ച് പൈപ്പ് ലൈൻ പ്രവൃത്തിയും പ്രഷർ ഫിൽറ്റർ, പമ്പ് സെറ്റ് സ്ഥാപിക്കൽ, വീട്ടുകണക്ഷനുകൾ എന്നിവ പൂർത്തിയാക്കി. ഇതോടെ 60ഓളം കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തും.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് അനുവദിച്ച 56 ലക്ഷം വിനിയോഗിച്ചാണ് ചെറുകരമല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പമ്പിങ് പൈപ്പ് ലൈൻ, വിതരണ പൈപ്പ്‌ലൈൻ, ടാങ്ക്, പമ്പ് സെറ്റ്, പ്രഷർ ഫിൽറ്റർ, 50 വീടുകളിലേക്ക് വീട്ടു കണക്ഷൻ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇ.വി ആഷിഖ് കൈമാറിയ സ്ഥലത്താണ് ടാങ്ക് നിർമിക്കുക. ഈ പ്രവൃത്തി കൂടി പൂർത്തിയാകുന്നതോടെ പ്രദേശത്തെ 120ഓളം വീടുകളിലേക്ക് കുടിവെള്ളമെത്തും.

ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ മന്ത്രിക്ക് മെമെന്റോ കൈമാറി. വാർഡ് മെമ്പർ യൂസുഫലി വലിയോറ, ടി.കെ കുഞ്ഞി മുഹമ്മദ്, എം സുഹിജാബി, പി.എച്ച് ഫൈസൽ, എസ് സത്യ വിത്സൺ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *