Your Image Description Your Image Description
Your Image Alt Text

പാറ്റ്‌ന: ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ നടപടി കടുപ്പിച്ച് ഇഡി. കാലിത്തീറ്റ കുംഭ കോണ കേസിന് പിന്നാലെ ജോലിക്ക് ഭൂമി അഴിമതി കേസില്‍ ഇഡി നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. റാബറിദേവിയേയും പെണ്‍മക്കളേയും ചോദ്യം ചെയ്ത് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ലാലുവിനും തേജസ്വിക്കും നോട്ടീസ് നല്‍കിയത്.ലാലുപ്രസാദ് യാദവിനെ ഇന്ന് ചോദ്യം ചെയ്യുന്ന ഇഡിക്ക് മുന്നിലേക്ക് നാളെ ഹാജരാകാന്‍ തേജസ്വിക്കും നിര്‍ദ്ദേശമെത്തി.

ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായ സമയത്ത് ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് കോഴയായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി വാങ്ങിക്കൂട്ടിയതില്‍ തെളിവുണ്ടെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെയാണ് ഇഡി ഇടപെട്ടത്. അഴിമതി നടത്തിയ ലാലുവിന് ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകില്ലെന്ന് ബിജെപി വിമര്‍ശിച്ചു.അതേ സമയം നിതീഷ് കുമാറിന്റെ അഭാവം പരിഹരിക്കാന്‍ ആര്‍എല്‍ഡി , ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയിലെ ഒരു വിഭാഗം , വക്കീല്‍ ഇന്‍സാന്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് മഹാസഖ്യത്തിന്റെ നീക്കം. ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്ന ആര്‍ജെഡിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടിയാണ് ലാലുവിനും തേജസ്വിക്കുമെതിരായ ഇഡി നടപടിയെന്ന് പ്രതിപക്ഷം കരുതുന്നു.

കോണ്‍ഗ്രസ് പാളയത്തില്‍ കൂടുതല്‍ എംഎല്‍എമാര്‍ ചാഞ്ചാടി നില്‍ക്കുന്നതും പ്രതിപക്ഷ നീക്കത്തിന് പ്രതിസന്ധിയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ ബിഹാറിലെ ഏകോപനത്തിന് 19ല്‍ 5 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. മറ്റുള്ളവര്‍ ബിജെപിയുമായി സമ്പര്ഡക്കത്തിലാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *