Your Image Description Your Image Description
Your Image Alt Text

മലയോര മേഖലയിലെ യാത്രാപ്രയാസങ്ങള്‍ കണക്കിലെടുത്ത് കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവനക്കാരുടെയും ബസുകളുടെയും കുറവുണ്ടെന്നും പലയിടത്തും സ്റ്റേ സര്‍വീസുകളാണ് വേണ്ടി വരുകയെന്നും ഉദ്യോഗസ്ഥര്‍ കളക്ടറെ അറിയിച്ചു.

ജില്ലയിലെ ടൂറിസം മേഖലയില്‍ മൃഗസവാരി നടത്തുന്നവര്‍ക്ക് ലൈസന്‍സുണ്ടെന്നും മൃഗങ്ങള്‍ക്ക് ഫിറ്റ്നസുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. മൂന്നാര്‍, മറയൂര്‍ ടൂറിസം പ്രദേശങ്ങളില്‍ സവാരി നടത്തുന്ന ജീപ്പുകള്‍ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണം അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്യുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 16 വകുപ്പുകള്‍ പദ്ധതി വിഹിതത്തില്‍ 99-100 ശതമാനം ചെലവഴിച്ചതായി യോഗം വിലയിരുത്തി.

അടിമാലി താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ നിയമിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇടുക്കി പാക്കേജില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. ജില്ലയിലെ പല മേഖലകളിലും കാട്ടാനശല്യം രൂക്ഷമായതിനാല്‍ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കളക്ടര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നാര്‍, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളില്‍ റെയ്ഞ്ച് തലത്തില്‍ ആഭ്യന്തര ദ്രുതപ്രതികരണ ടീമിനെ നിയോഗിച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്നാര്‍ ടൗണിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ജലജീവന്‍ മിഷന്റെ ബൃഹത് പദ്ധതി പുരോഗമിക്കുകയാണെന്ന് ജോയിന്റ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു.

ജില്ലയിലെ നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വികസന സമിതിക്ക് മുന്നോടിയായി നടന്ന യോഗത്തില്‍ വിലയിരുത്തി. പരാതികള്‍ക്ക് എത്രയും വേഗം പരിഹാരം കാണാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും എല്ലാ വകുപ്പുകള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *