Your Image Description Your Image Description
Your Image Alt Text

ദില്ലി: എൻഡിഎയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്ന് സൂചന. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടും നിതീഷ് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കി ആർജെഡി നേതൃത്വം രം​ഗത്തെത്തി. നിതീഷിൻ്റെ നീക്കത്തിൽ ജെഡിയുവിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുൻ അധ്യക്ഷൻ ലലൻ സിംഗടക്കം ഒരു വിഭാഗം നേതാക്കൾ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എൻഡിഎയിലേക്ക് പോകുമെന്ന നിലപാടിലാണ് നിതീഷ് കുമാർ.

അതേസമയം, നിതീഷ് കുമാർ എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറിൽ ഇന്ന് ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേരും. പാറ്റ്നയിൽ നടക്കുന്ന യോഗത്തിൽ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി. ഇതിനിടെ നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ബി ജെ പിക്കൊപ്പം സർക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാർ അധ്യക്ഷൻ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എൻ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ജെ ഡി യു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു. ഇന്ത്യ സഖ്യത്തിൽ തുടരുമെന്ന് ജെ ഡി യു ബിഹാർ അധ്യക്ഷൻ വ്യക്തമാക്കി. എന്നാൽ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീൽ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാർ അടക്കം ആരുടെ മുന്നിലും എൻ ഡി എയുടെ വാതിലുകൾ അടച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീൽ മോദി അഭിപ്രായപ്പെട്ടു.

നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാ‍ർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹസഖ്യം വിട്ട് എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *