Your Image Description Your Image Description

ഫെബ്രുവരി 1ന്  പാർലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ഇടക്കാല  ബജറ്റിൽ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. ഇടക്കാല ബജറ്റ് അവതരണത്തിൽ ശ്രദ്ധയാകർഷിക്കുന്ന ചില മേഖലകളെ കുറിച്ച് നോക്കാം.

മൂലധന ചിലവുകൾ

അടിസ്ഥാന സൗകര്യവികസനത്തിലടക്കം മൂലധനച്ചെലവുകൾ നടന്നില്ലെങ്കിൽ സാമ്പത്തിക വികസനത്തെ അത് സാരമായി ബാധിക്കും. അടുത്ത സാമ്പത്തിക വർഷത്തേക്ക് 10 ലക്ഷം കോടി രൂപയുടെ ക്യാപക്സ്, സർക്കാർ‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ICRA വിലയിരുത്തുന്നു. വാർഷികാടിസ്ഥാനത്തിൽ ഇത്രയും തുക അനുവദിക്കപ്പെട്ടില്ലെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളെയും, ജിഡിപി വളർച്ചയേയും  അത് ഗുരുതരമായി ബാധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

തൊഴിൽ രൂപീകരണം

രാജ്യത്തെ ഗ്രാമീണ മേഖലകളിൽ തൊഴിൽ സാധ്യതയുണ്ടാക്കുക എന്നത് പ്രധാനമാണ്. അതിനാൽ മുൻനിർത്തി റൂറൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾ വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.  പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീം കെമിക്കൽ, സർവീസ് മേഖലകളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്നും   ഇത് സാമ്പത്തിക വർധനക്ക് കാരണമാകുമെന്നും ഡെലോയിറ്റ് നിരീക്ഷിക്കുന്നു.

ധനക്കമ്മി

രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉല്പാദനവുമായി ബന്ധപ്പെട്ട് ധനക്കമ്മി 5.3% നിലയിലേക്ക് നിർത്താനാണ്  സാധ്യത. മറ്റെല്ലാ സമ്മർദ്ദങ്ങളും മാറ്റി നിർത്തി, കൺസോളിഡേറ്റ് ചെയ്ത നിലയിൽ ധനക്കമ്മി തുടരാനാണ് സാധ്യതയെന്നും BofA Securitie വിലയിരുത്തുന്നു. 2024 സാമ്പത്തിക വർഷത്തിലെ ഉത്തരവാദിത്തങ്ങൾ  നിറേവറ്റാൻ ധനക്കമ്മി 5.9 ശതമാനത്തിൽ നിർത്തേണ്ടതുണ്ടെന്നും നിരീക്ഷിക്കുന്നു.

സോഷ്യൽ സെക്ടർ സ്കീമുകൾ

സോഷ്യൽ സെക്ടർ സ്കീമുകൾക്ക് ഇടക്കാല ബജറ്റിൽ  ഉയർന്ന തുക അനുവദിക്കാൻ സാധ്യതയുണ്ട്. കോർപറേറ്റ് നികുതി കൂടുതലായി ലഭിച്ചതിനാൽ ഇത്തരത്തിൽ ഫണ്ട് കണ്ടെത്താൻ സർക്കാരിന് എളുപ്പമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവ കൂടാതെ, കാർഷിക സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് ഉതകുന്ന ചില പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.  രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ച കുറഞ്ഞ  സാഹചര്യത്തിൽ ഇത്തരമൊരു നീക്കം പ്രായോഗികമാകുമെന്നാണ് വിലയിരുത്തൽ.  ഉപഭോഗവും  ഡിമാൻഡും ഉയർത്തി നിർത്തി സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കി മാറ്റുന്ന ബജറ്റ് നടപടികളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *