Your Image Description Your Image Description

കൊച്ചി: കൊച്ചിയിലെ യുവാക്കള്‍ക്കിടയില്‍ സ്ഥിരമായി മയക്കുമരുന്ന് വില്പന നടത്തുന്ന യുവതി 2024 ജൂണിൽ ഒരു കിലോ എം.ഡി.എം.എയുമായി പിടിയിലായിരുന്നു. സര്‍മീന്‍ അക്തര്‍ എന്ന യുവതിയെ എറണാകുളം റൂറല്‍ പോലീസ് ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. രാസലഹരി വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ചു ഡല്‍ഹിയില്‍നിന്ന് ട്രെയിനില്‍ കടത്തുകയായിരുന്നു. സര്‍മീന്‍ മാത്രമല്ല ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എറണാകുളം റൂറലില്‍ വലയിലായത് 1739 പേരാണ്.

എറണാകുളം റൂറലില്‍ ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 1582 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2024 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. 1739 പേരെ അറസ്റ്റ് ചെയ്യുകയും 202 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 100 കിലോഗ്രാം തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടര കിലോഗ്രാമോളം എം.ഡി.എം.എയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്. ഇതില്‍ ഒരു കിലോ എം.ഡി.എം.എയുമായി മംഗളൂരു മുനേശ്വര നഗറിര്‍ സ്വദേശിയായ സര്‍മീന്‍ അക്തര്‍ എന്ന യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. 50 ലക്ഷത്തിലേറെ വില വരുന്ന രാസലഹരി ഡല്‍ഹിയില്‍ നിന്ന് വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ച് തീവണ്ടി മാര്‍ഗം കടത്തുകയായിരുനു. ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എം ഡി എം എ വില്പന നടത്തിയ ശേഷം അടുത്ത ദിവസം തിരികെ ഡല്‍ഹിക്ക് ട്രെയിന്‍ മാര്‍ഗം തന്നെ തിരികെ പോകുന്നതാണ് പതിവ്. യുവതി സ്ഥിരംമയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.

കാലടി ചന്ദ്രപ്പുര ഭാഗത്തുനിന്ന് മൂന്നുറു ഗ്രാം എം.ഡി.എയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിരാജ്, അഭിന്‍ ജോണ്‍ ബേബി, വസിം നിസാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന രാസലഹരി പോലീസ് സാഹസികമായാണ് പിടികൂടിയത്. 20 ലക്ഷത്തിലേറെ വിലവരും പിടിച്ചെടുത്ത ലഹരിമരുന്നിന്.

അങ്കമാലിയില്‍ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര്‍ പിടിയിലായിരുന്നു. ശ്രീക്കുട്ടി, സുധീഷ്, ബിനു എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ബൊലേറെ വാഹനത്തില്‍ കടത്തിയ ടീമിനെ അങ്കമാലി ടി.ബി ജംഗ്ഷനില്‍വച്ച് പിന്തുടര്‍ന്നാണ് പിടികൂടിയത്.

ലഹരി വിരുദ്ധ ദിനത്തില്‍ അങ്കമാലിയിലും നെടുമ്പാശേരിയിലും നടന്ന മയക്കുമരുന്ന് വേട്ടയില്‍ ലക്ഷങ്ങള്‍ വിലവരുന്ന 375 ഗ്രാമോളം രാസലഹരിയുമായി ആസാദ്, അജു ജോസഫ് എന്നിവരെ പിടികൂടിയിരുന്നു.13 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 200 ഗ്രാമോളം ഹെറോയിനും പിടികൂടി. സോപ്പുപെട്ടികളിലായി 20 ലക്ഷത്തോളം രുപയുടെ ഹെറോയിന്‍ കടത്തിയ കേസില്‍ മൂന്നംഗ സംഘത്തെയാണ് കാലടിയില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അസം സ്വദേശികളെ യാണ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ തീവണ്ടിയിറങ്ങി അവിടെ നിന്ന് ബസില്‍ കാലടിയിലെത്തുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനാണ് ഈ തന്ത്രം ഉപയോഗിച്ചത്. ജില്ലയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹെറോയിന്‍ വേട്ടയായിരുന്നു ഇത്.

77 ഗ്രാം ഹാഷിഷ് ഓയിലാണ് ഇക്കാലയളവില്‍ കണ്ടെടുത്തത്. 170 ഗ്രാമോളം ബ്രൗണ്‍ഷുഗറും 8 എല്‍ എസ് ഡി സ്റ്റാമ്പും, 7 ഗ്രാം മെത്താഫിറ്റമിനും, 1275 കഞ്ചാവ് ബീഡികളും പിടികൂടി. മയക്കുമരുന്നിന്റെ കടത്ത് തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ തടങ്കലായ പിറ്റ് എന്‍ഡിപിഎസില്‍ ഉള്‍പ്പെടുത്തി ഒമ്പതു പേരെ ജയിലിലടച്ചു.

സോഷ്യല്‍ മീഡിയ കാമ്പയിന്‍ ഉള്‍പ്പടെ നിരവധിയായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമെന്ന് മയക്കുമരുന്ന് വേട്ടയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *