Your Image Description Your Image Description

കുടുംബശ്രീ സംഘടിപ്പിക്കുന്ന ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന-2024’ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബഡ്സ് വിദ്യാര്‍ഥികള്‍ക്കായി അടുത്തവര്‍ഷം മുതല്‍ കായികമേളയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച കലോത്സവം ഇതിനോടകം വലിയശ്രദ്ധ നേടി. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും. കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കായികമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഇടമായി കായികമേള മാറുമെന്നും മന്ത്രി പറഞ്ഞു.

നിരന്തരമായ പരിശീലനത്തിലൂടെ അഞ്ച് വര്‍ഷം കൊണ്ട് കലാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ സാധാരണ കുട്ടികളെ പോലെ ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സാധിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗമൊരുക്കാനും അതുവഴി അവരെ സമഗ്രവികാസം കൈവരിക്കാന്‍ സഹായിക്കുന്നതുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.

ഇതിനായി കുട്ടികള്‍ തയ്യാറാക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ ‘ഇതള്‍’ എന്ന പേരില്‍ ഏകീകൃത ബ്രാന്റിങ് നടത്തി വിപണിയിലിറക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതി അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 359 ബഡ്സ് സ്ഥാപനങ്ങളിലായി 11642 കുട്ടികളുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. കുടുംബശ്രീ നിര്‍വഹിക്കുന്ന ഏറ്റവും മികച്ച സാമൂഹ്യ ഉത്തരവാദിത്വമാണ് ബഡ്സ് സ്ഥാപനങ്ങള്‍. കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ കാലത്തിനനുസൃതമായി നവീകരിച്ച് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. ബഡ്സ് സ്ഥാപനങ്ങളുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തീം സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *