Your Image Description Your Image Description
Your Image Alt Text

സംസ്ഥാനത്ത് യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള രണ്ടാംഘട്ട ക്യാമ്പയിന്‍ ‘തന്മുദ്ര’യുടെ ഭാഗമായി നടത്തുന്ന ഭിന്നശേഷി സര്‍വേക്ക് താനൂരില്‍ തുടക്കമായി. ഇത്തരത്തിൽ സർവേ നടത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് താനൂർ.

‘തന്മുദ്ര’ സമഗ്ര ഭിന്നശേഷി സർവ്വേയുടെയും യു.ഡി.ഐ.ഡി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ് നിർവഹിച്ചു. പരിയാപുരം ജി.എൽ.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ സി.കെ സുബൈദ അധ്യക്ഷത വഹിച്ചു. താനൂർ നഗരസഭയുടെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കാഴ്ച പരിമിതർക്കുള്ള ലാപ്‌ടോപ് വിതരണം നഗരസഭാ ചെയർമാൻ പി.പി ഷംസുദ്ദീൻ നിർവഹിച്ചു. നഗരസഭയിലെ കാഴ്ച പരിമിതരായ എട്ട് വിദ്യാർഥികൾക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്.

രാജ്യത്തെ എല്ലാ ഭിന്നശേഷികാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റും ഏകീകൃത തിരിച്ചറിയൽ കാർഡും എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. സ്വാവലംബന്‍ പോര്‍ട്ടല്‍ വഴിയാണ് കാര്‍‍ഡിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലയിൽ ഇതുവരെ 65 ശതമാനം ഭിന്നശേഷികാർ മാത്രമേ കേന്ദ്ര സർക്കാരിന്റെ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ബാക്കി 35 ശതമാനം ഭിന്നശേഷികാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും ഏകീകൃത തിരിച്ചറിയൽ കാർഡും ലഭ്യമാക്കുന്നതിവേണ്ടി അങ്കൺവാടികൾ കേന്ദ്രീകരിച്ച് എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹായത്തോടെയാണ് സർവേകൾ സംഘടിപ്പിക്കുന്നത്.

തിരൂർ എസ്.എസ്.എം പോളിടെക്‌നിക് കോളേജ്, വേങ്ങര മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, താനൂർ ഗവ. കോളേജ്, ചേറൂർ പി.പി.ടി.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നീ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹകരണത്തോടെയാണ് താനൂർ നഗരസഭയിൽ ഭിന്നശേഷിക്കാരുടെ സർവേ നടത്തുന്നത്.

ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. താനൂർ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി. ഫാത്തിമ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷിഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *