Your Image Description Your Image Description

വല്ലാര്‍പാടം-കളമശേരി റോഡിലെ മൂലമ്പിള്ളി-കോതാട് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍ദേശം നല്‍കി. പാലത്തിന്റെ അപകടഭീഷണി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയ പാത അതോറിറ്റിയോട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് പാലം വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ദേശീയ പാത അതോറിറ്റിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പാലം ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിദഗ്ധ സംഘം നിര്‍ദേശിച്ചു. ഇതുപ്രകാരമാണ് പാലത്തിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിച്ച് പാലം ബലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്.

പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് മുന്നോടിയായി മൂലമ്പിള്ളി-കോതാട് പാലത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ പാത എന്‍എച്ച് 966 എയുടെ ഭാഗമാണ് വല്ലാര്‍പാടം-കളമശേരി റോഡിലാണ് മൂലമ്പിള്ളി-കോതാട് പാലം.

Leave a Reply

Your email address will not be published. Required fields are marked *