Your Image Description Your Image Description
Your Image Alt Text

മലയാള സിനിമയില്‍ യുവതലമുറ നടന്മാരില്‍ ശ്രദ്ധേയ സ്ഥാനമുള്ളയാളാണ് ഷൈന്‍ ടോം ചാക്കോ. മലയാളത്തില്‍ ഒട്ടേറെ വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തമിഴിലും തെലുങ്കിലും ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. തമിഴ് അരങ്ങേറ്റത്തിനായി ഒരു ബി​ഗ് കാന്‍വാസ് ചിത്രമാണ് അദ്ദേഹത്തിന് ലഭിച്ചതെങ്കിലും ചിത്രം പരാജയമായിരുന്നു. വിജയ്‍യെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് ആയിരുന്നു ആ ചിത്രം. പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരില്‍ ഷൈന്‍ ടോം ചാക്കോയും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ആ ചിത്രത്തെക്കുറിച്ച് അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കുപോലും ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്ന് ഷൈന്‍ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ പ്രതികരണം. ചിത്രം കമ്മിറ്റ് ചെയ്യുമ്പോള്‍ ആത്മവിശ്വാസമുണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ് ഷൈന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഒരു കൂട്ടം തീവ്രവാദികളെ ഒരൊറ്റ മനുഷ്യന്‍ കീഴ്പ്പെടുത്തുന്ന ചിത്രത്തിന്‍റെ കഥാവഴിയുടെ യുക്തിയെയും ചോദ്യം ചെയ്യുന്നു ഷൈന്‍ ടോം ചാക്കോ. വീര രാഘവന്‍ എന്ന് പേരായ റോ ഏജന്‍റ് ആണ് ചിത്രത്തിലെ വിജയ്‍യുടെ കഥാപാത്രം.

ബീസ്റ്റുമായി ബന്ധപ്പെട്ട് ഷൈന്‍ ട്രോള്‍ ചെയ്യപ്പെടാന്‍ ഇടയാക്കിയ രംഗം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ വിജയ് ഒറ്റ കൈയില്‍ ഒരു കാരി ബാഗ് കൊണ്ടുപോകുന്നതുപോലെ തൂക്കിക്കൊണ്ട് പോകുന്ന സീന്‍ ആയിരുന്നു. അത്തരം രംഗങ്ങളുടെ യുക്തിയെയും ചോദ്യം ചെയ്യുന്നു ഷെയ്ന്‍. “നല്ല ഭാരവും ഉയര്‍ത്തിക്കൊണ്ട് ഒരാള്‍ക്ക് അത്ര അനായാസം നടന്നുപോകാന്‍ ആവുമോ”?, ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.

വിജയ്‍യുടെ എല്ലാ ചിത്രങ്ങള്‍ക്കുമെന്നപോലെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ബീസ്റ്റിന്‍റെ തകര്‍ച്ച സംവിധായകന്‍ നെല്‍സണെയും തളര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസങ്ങളും ബീസ്റ്റിന് ശേഷം അദ്ദേഹത്തിന് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ ജയിലര്‍ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുമായി വന്‍ മടങ്ങിവരവ് കാഴ്ചവച്ചുകൊണ്ടാണ് അദ്ദേഹം അതിനെല്ലാം മറുപടി നല്‍കിയത്. അതേസമയം ബീസ്റ്റിന് ശേഷം ഷൈന്‍ തമിഴില്‍ അഭിനയിച്ചത് കാര്‍ത്തിക് സുബ്ബരാജിന്‍റെ ജിഗര്‍തണ്ട ഡബിള്‍ എക്സില്‍ ആണ്. ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് അദ്ദേഹത്തിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *