Your Image Description Your Image Description

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മനോജ്‌ മൂത്തേടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത്‌ കൗൺസിൽ ഹാളിൽ
വെള്ളിയാഴ്ച രാവിലെ 11 ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അദ്ദേഹം 16 വോട്ടുകൾ നേടി. ജില്ലാ കളക്ടറായിരുന്നു വരണാധികാരി.

എതിർ സ്ഥാനാർഥിയായിരുന്ന ഇടതുപക്ഷത്തിന്റെ എ.എസ് അനിൽ കുമാറിന് 9 വോട്ടുകളാണ് ലഭിച്ചത്. രണ്ട് ട്വന്റി ട്വന്റി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. മുൻ ധാരണ പ്രകാരം തന്റെ കാലാവധി പൂർത്തിയാക്കിയ ഉല്ലാസ് തോമസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. അതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷൻ മെമ്പറാണ് മനോജ്‌ മൂത്തേടൻ.

ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ എൽദോസ് പി. കുന്നപ്പിള്ളിൽ, ഉമ തോമസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനരോഹണ ചടങ്ങ്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ലഭിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ മനോജ് മൂത്തേടൻ പറഞ്ഞു. പ്രവർത്തനത്തിൽ നൂറ് ശതമാനം നീതിപുലർത്തും. മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് മികച്ച രീതിയിലാണ് ജില്ലാ പഞ്ചായത്തിനെ നയിച്ചത്. അത് തുടരുക എന്നതാണ് തന്റെ മുന്നിലുള്ള വെല്ലുവിളി. പരമാവധി ആത്മാർത്ഥതയോടെ മുന്നോട്ട് പോകും. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായി പ്രവർത്തിക്കുമെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *