Your Image Description Your Image Description
Your Image Alt Text

ദേശീയപാത 66 കൊളപ്പുറം ജങ്ഷനിലെ റോഡ് വികസനവുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം ചേർന്നു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

കൊളപ്പുറം ജങ്ഷനിൽ പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാത ദേശീയപാത 66ന് കുറുകെ കടക്കുന്ന ഭാഗത്ത് നിർമിക്കേണ്ടിയിരുന്ന മേൽപ്പാലം 200 മീറ്റർ മാറി സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയാണ് നിർമിച്ചതെന്നും ഇവിടെ മേൽപ്പാലം നിർമിച്ചോ സ്ഥലം ഏറ്റെടുത്ത് സർവീസ് റോഡിന്റെ വീതി കൂട്ടിയോ പ്രശ്നം പരിഹരിക്കണമെന്നുമായിരുന്നു ജനപ്രതിനിധികളുടെ ആവശ്യം.കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സർവ്വീസ് റോഡിന്റെ വീതി എട്ടു മീറ്ററായി വർധിപ്പിക്കാനും ഇതിന് അധികം ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി.

കൊളപ്പുറം ജങ്ഷനിൽ നിന്നും തിരൂരങ്ങാടി ഭാഗത്തേക്ക് പ്രവേശിക്കുന്നിടത്തെ സർവ്വീസ് റോഡിനും വീതി വർധിപ്പിക്കേണ്ടതുണ്ടെന്നും ഇവിടെ ഫുട്പാത്ത് നിർമിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഈ പ്രവൃത്തിക്ക് അധികം ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി തേടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകാനും യോഗത്തിൽ തീരുമാനമായി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ട്, ഗതാഗത ബുദ്ധിമുട്ടുകൾ തുടങ്ങിയവ എത്രയും പെട്ടെന്ന് പരിഹരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.

ഡെപ്യൂട്ടി കളക്ടർമാരായ കെ.എസ് ബിന്ദുമോൾ (ദേശീയപാതാ 66 സ്ഥലമെടുപ്പു വിഭാഗം), ഡോ. ജെ.ഒ അരുൺ (ദേശീയപാതാ 966 സ്ഥലമെടുപ്പു വിഭാഗം), കെ. ലത (എൽ.എ), പൊതുമരാമത്ത് വകുപ്പ് (ദേശീയപാതാ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയർ എസ്. ആർ അനിതാകുമാരി, എൻ.എച്ച് 66 ലെയ്‌സൺ ഓഫീസർ പി.പി.എം അഷ്‌റഫ്, കെ.എൻ.ആർ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ  സി. രാജേന്ദർ റെഡ്ഢി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *