Your Image Description Your Image Description
Your Image Alt Text

തൊഴില്‍ മേഖലയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തൊഴില്‍ അന്വേഷകര്‍ക്ക് കൃത്യവും തൃപ്തികരവുമായ കരിയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവും പരിശീലനവും സൗജന്യമായി നല്‍കി, അവരവരുടെ കഴിവിനും താല്‍പര്യത്തിനും അനുസരിച്ചു വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാന്‍ സഹായിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്റർ കരമനയിൽ ഒരുങ്ങുന്നു.

ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. തൊഴിലന്വേഷകര്‍ക്ക് പുതിയ ദിശാബോധം നല്‍കി മാറി വരുന്ന തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ച്, തൊഴില്‍ നേടുവാന്‍ പ്രാപ്തരാക്കുന്നതിന് വേണ്ടി നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് കേരളയുടെ സുപ്രധാന കാല്‍വയ്പ്പാണ് കരിയര്‍ ഡവലപ്‌മെന്റ് സെന്ററെന്ന് മന്ത്രി പറഞ്ഞു.

കരിയര്‍ സംബന്ധമായ ഏതു പ്രശ്‌നത്തിനും പരിഹാരം നല്‍കുന്ന കേന്ദ്രമായിരിക്കും സെന്ററെന്നും ഈ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ സൂചന കൂടിയാണിതെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് കരിയര്‍ ഗൈഡന്‍സിന് മാത്രമായി പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഒരു സംവിധാനം ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശരിയായ കരിയര്‍ വിജ്ഞാനം യഥാസമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കിയാൽ മാത്രമേ നിശ്ചിത പ്രായപരിധിക്കകം അവര്‍ക്ക് ലക്ഷ്യപ്രാപ്തി നേടാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അന്തര്‍ദേശീയ സ്വഭാവമുളള സേവനങ്ങളാണ് കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ ലഭ്യമാകുക. സെന്ററില്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നത പഠന മേഖലകളെയും അതുവഴി എത്തിച്ചേരേണ്ട തൊഴില്‍ മേഖലകളെക്കുറിച്ചും തീരുമാനം എടുക്കുന്നതിനും പുതിയ കോഴ്‌സുകളെക്കുറിച്ചും തൊഴില്‍ മേഖലകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *