Your Image Description Your Image Description
Your Image Alt Text

സോൾ: ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും നടത്തിയ സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയിലുള്ള ആണവ ആക്രമണ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ. മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നത് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനുമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി.  ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന തന്റെ രാജ്യത്തിന്റെ ദീർഘകാല ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും ദക്ഷിണ കൊറിയയെ വിദേശ എതിരാളിയായി നിർവചിക്കുന്നതിനായി ഭരണഘടന മാറ്റിയെഴുതുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഡ്രോൺ പരീക്ഷണം.

നിലവിൽ കൊറിയൻ മേഖല സംഘർഷഭരിതമാണ്. ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ആയുധപ്രദർശനങ്ങൾ ത്വരിതപ്പെടുത്തുകയും ആണവ ആക്രമണമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മറുപടിയായി യുഎസും ഏഷ്യൻ സഖ്യകക്ഷികളും സംയുക്ത സൈനികാഭ്യാസങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഉത്തരകൊറിയ ആണവ ഡ്രോൺ വികസിപ്പിച്ചിരുന്നു.

ശത്രു കപ്പലുകളിലും തുറമുഖങ്ങളിലും ആക്രമണം നടത്താൻ രൂപകൽപ്പന ‌ചെയ്‌തിരിക്കുന്ന ഡ്രോണിന്റെ കഴിവുകൾ ഉത്തര കൊറിയ പെരുപ്പിച്ചു കാട്ടിയതായി ദക്ഷിണ കൊറിയ തിരിച്ച‌‌ടിച്ചു.  ജെജു ദ്വീപിന് സമീപം മൂന്ന് ദിവസത്തെ സംയുക്ത സൈനികാഭ്യാസം നടത്തിയ യുഎസ്, ദക്ഷിണ കൊറിയ, ജാപ്പനീസ് നാവിക സേനകൾക്ക് മറുപടിയായാണ് കടലിൽ ആക്രമണം നടത്താൻ ശേഷിയുള്ള ആയുധത്തിന്റെ പരീക്ഷണം നടത്തിയതെന്ന് ഉത്തര സൈന്യം അറിയിച്ചു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നാവിക ആക്രമണങ്ങളെ ചെറുക്കാൻ ആയുധത്തിന് കഴിയുമെന്ന്  നോർത്ത് കൊറിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *