Your Image Description Your Image Description

എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്കുമേന്റേഷൻ (എ.ബി.സി.ഡി) ക്യാമ്പിന് മലപ്പുറം ജില്ലയിൽ തുടക്കമായി. അമരമ്പലം സബർമതി കൺവെൻഷൻ സെന്ററിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ഡി.രഞ്ജിത്ത് നിർവഹിച്ചു. ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 356 പേര്‍ക്ക് ക്യാമ്പിൽ ആധികാരിക രേഖകളുടെ സേവനങ്ങൾ ലഭ്യമാക്കി. ആധാർ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുളള അടിസ്ഥാന രേഖകൾ ക്യാമ്പില്‍ വിതരണം ചെയ്തു.ചടങ്ങിൽ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. നിലമ്പൂർ തഹസിൽദാർ എ.പി സിന്ധു, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ ശ്രീരേഖ, അക്ഷയ ആന്റ് ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ജി ഗോകുൽ, അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത രാജു, വില്ലേജ് ഓഫീസർ ഷിബു, ബൈജു, അമരമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ബി സനീഷ് കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മധു തുടങ്ങിയവർ പങ്കെടുത്തു.
വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ അച്ചനള കോളനിയിലെ ചോലനായ്ക്ക വിഭാഗത്തിലെ ജനങ്ങൾക്ക് എ.ബി.സി.ഡി ക്യാമ്പ് ആശ്വാസമാകുന്നു. ഏഷ‍്യയിലെ ഏക ഗുഹാവാസികളായ ഇവരിൽ പലർക്കും അടിസ്ഥാന രേഖകളില്ല. ഇതോടെ വാർദ്ധക്യകാല പെൻഷനടക്കം അപേക്ഷിക്കാൻ കഴിയാതെ വന്നു.ആധാറിനും മറ്റ് രേഖകൾക്കുമായാണ് ഊരുമൂപ്പൻ മാതനും കാടനും അമരമ്പലം സബര്‍മതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റേഷൻ ജില്ലാതല ക്യാമ്പിൽ എത്തുന്നത്. തൊഴിൽ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകൾ ഇവർക്ക് കൈമാറി. ഇനി ലഭിക്കാനുള്ളത് ആധാർ മാത്രം. അതും വൈകാതെ ലഭിക്കും. വർഷങ്ങൾക്ക് മുമ്പ് ആധാർ കാർഡ് എടുത്തിരുന്നെങ്കിലും അത് നഷ്ടപ്പെട്ടു. ആധാർ വീണ്ടെടുക്കാൻ ഐ.ടി.ഡി.പി ഉദ്യോഗസ്ഥരുടെയും അക്ഷയ പ്രതിനിധികളുടെയും നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വർഷങ്ങളായി ആധാറിനായുള്ള പോരാട്ടത്തിലായിരുന്നു ഊരുമൂപ്പൻ.

Leave a Reply

Your email address will not be published. Required fields are marked *