Your Image Description Your Image Description
Your Image Alt Text

എള്ള്, നമ്മുടെ വീടുകളില്‍ അങ്ങനെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നല്ല. പുറത്തുനിന്ന് വാങ്ങി കഴിക്കുന്ന പല സ്നാക്സ്, അതുപോലെ ചില വിഭവങ്ങളിലെല്ലാം എള്ള് അടങ്ങിയിരിക്കുന്നത് കാണാം. ഇങ്ങനെയെല്ലാമാണ് അധികപേരും എള്ള് കഴിക്കുന്നത്. സത്യത്തില്‍ എന്തിനാണ് വിഭവങ്ങളില്‍ എള്ള് ചേര്‍ക്കുന്നത് എന്നത് പോലും മിക്കവര്‍ക്കും അറിയില്ലെന്നതാണ് സത്യം.

മുമ്പെല്ലാം വീടുകളില്‍ എള്ള് കാര്യമായി തന്നെ ഉപയോഗിച്ചിരുന്നു. ഒരു ചേരുവ എന്ന നിലയില്‍ അല്ല വിഭവങ്ങളില്‍ എള്ള് ചേര്‍ക്കുന്നത്. എള്ളിന് അത്രമാത്രം ആരോഗ്യഗുണങ്ങളുണ്ട്. ഇതും പുതിയ തലമുറയ്ക്ക് അറിവില്ലാത്ത കാര്യമായിരിക്കാം. പരമ്പരാഗതമായ പല വിഭവങ്ങളിലും പലഹാരങ്ങളിലുമെല്ലാം എള്ള് ഒരു പ്രധാന കൂട്ടായി മാറുന്നത് ഇങ്ങനെയാണ്. എങ്കില്‍ എള്ളിനുള്ള ആരോഗ്യഗുണങ്ങളെന്തെല്ലാമാണ്? എള്ളിന്‍റെ ഏറ്റവും സവിശേഷമായ ഗുണങ്ങള്‍ അറിയാം…

ഒന്ന്…

എള്ള് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. എള്ളിലുള്ള ‘ഒലീക് ആസിഡ്’, ‘ലൈനോലിക് ആസിഡ്’ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെയാണ് ഹൃദയാരോഗ്യം മെച്ചപ്പെടുന്നത്.

രണ്ട്…

എല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എള്ള് സഹായകമാണ്. എള്ളിലുള്ള ഉയര്‍ന്ന കാത്സ്യമാണ് ഇതിന് സഹായിക്കുന്നത്. അസ്ഥിക്ഷയം പോലുള്ള അസുഖങ്ങളെ ചെറുക്കുന്നതിന് എള്ള് പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ മതി. അതുപോലെ തന്നെ എള്ളിലുള്ള ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുക്കളും എല്ലുകളുടെ ബലത്തിന് പ്രയോജനപ്പെടുന്നു.

മൂന്ന്…

നമ്മുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും എള്ള് ഏറെ നല്ലതാണ്. എള്ളിലുള്ള ഫൈബര്‍ ആണ് ഇതിന് സഹായകമാകുന്നത്. മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങളെല്ലാം അകറ്റുന്നതിന് അല്‍പം എള്ള് പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ മതിയാകും.

നാല്…

തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും എള്ള് സഹായിക്കും. എള്ളിലുള്ള വിവിധ ഘടകങ്ങള്‍ ഇതിന് സഹായകമാണ്. പ്രത്യേകിച്ചും എള്ളിലുള്ള വൈറ്റമിൻ ബി6 ആണ് തലച്ചോറിന് ഗുണകരമാകുന്നത്.

അഞ്ച്…

നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മരോഗങ്ങള്‍ ചെറുക്കുന്നതിനുമെല്ലാം എള്ള് സഹായിക്കുന്നു. എള്ളിലുള്ള വൈറ്റമിൻ-ഇ, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണ് ഇതിന് സഹായകമാകുന്നത്.

ആറ്…

ഉറക്കപ്രശ്നങ്ങള്‍ പതിവായി നേരിടുന്നവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും എള്ള് സഹായിക്കും. എള്ളിലുള്ള ‘ട്രിപ്റ്റോഫാൻ’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിൻ’, ‘മെലട്ടോണിൻ’ എന്നീ ഹോര്‍മോണുകളെ ബാലൻസ് ചെയ്ത് ഇതിലൂടെ നമുക്ക് സുഖകരമായ ഉറക്കം വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *