Your Image Description Your Image Description

കുട്ടികളിലൂടെ ക്ഷയരോഗ പ്രതിരോധ മാർഗങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരോഗ്യവകുപ്പും പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന “ചിരാത് 2024” പദ്ധതിക്ക് തുടക്കമായി.   പദ്ധതിയുടെ ആദ്യഘട്ടമായി അധ്യാപകർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു . ജില്ലാതല ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ നിർവഹിച്ചു.

പദ്ധതി വഴി ജില്ലയിലെ മുഴുവൻ സർക്കാർ സ്കൂൾ വിദ്യാർത്ഥികളിലും ക്ഷയരോഗത്തെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ പറ്റിയും അധ്യാപകർ  മുഖേന അവബോധം സൃഷ്ടിക്കാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത് . ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ പരിശീലനം നൽകി. നൂറിലധികം ജീവശാസ്ത്ര അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

രണ്ടാംഘട്ടത്തിൽ പരിശീലനം ലഭിച്ച അധ്യാപകർ തങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് പ്രസന്റേഷൻ, വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് പുതുമയാർന്ന രീതിയിൽ പരിശീലനം നൽകും. മൂന്നാംഘട്ടത്തിൽ ക്ഷയരോഗ നിയന്ത്രണ സംവിധാനങ്ങളെ പറ്റി തങ്ങൾക്ക് ലഭിച്ച അറിവുകൾ വിദ്യാർത്ഥികൾ അവരുടെ കലാവാസന ഉപയോഗിച്ച് പോസ്റ്റർ രൂപത്തിലേക്ക് മാറ്റും.ഓരോ സ്കൂളിൽ നിന്നും മികച്ച ഒരു പോസ്റ്റർ തിരഞ്ഞെടുത്ത് ജില്ലാ തല പോസ്റ്റർ മത്സരത്തിലേക്ക് അയക്കും. മികച്ച പോസ്റ്റുകൾക്ക് മാർച്ച് 24 ലോക ക്ഷയരോഗ ദിനത്തിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ സമ്മാനങ്ങൾ നൽകി ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  സനിത റഹീം, കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അഷറഫ്, വാർഡ് കൗൺസിലർ  പദ്മജ എസ് മേനോൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ കെ. സക്കീന, ജില്ലാ ടി.ബി ഓഫിസർ ഡോ എം.അനന്ത്, ലോകാരോഗ്യ സംഘടന കൺസൽട്ടൻ്റ് ഡോ എ.വി ഗായത്രി, ഡി. ഇ. ഒ വി. രാമചന്ദ്രൻ, എ.ഇ.ഒ ഡിഫി ജോസഫ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *