Your Image Description Your Image Description

പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുന്നവരാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെന്നും അവര്‍ക്കെതിരെ തെറ്റായ പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. ശ്യാമ എസ് പ്രഭ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി, ആശവര്‍ക്കര്‍മാര്‍, വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കായി നടത്തിയ ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരില്‍ 58 ശതമാനം പേര്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പുറത്ത് പോകേണ്ടി വരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സ്‌കൂളുകളില്‍ നിന്നും നേരിടേണ്ടി വരുന്ന മാനസികമായ പീഡനങ്ങളും ഒറ്റപ്പെടലുകളും കാരണമാണിത്. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. അധ്യാപകരുടെ ഭാഗത്തു നിന്നുള്ള ജാഗ്രതക്കുറവും കാരണമാകുന്നുണ്ട്. സ്‌കൂള്‍തലത്തില്‍ തന്നെ ഇത്തരം പ്രവണത തിരുത്തേണ്ടതുണ്ട്- അവര്‍ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് സഹതാപമല്ല ആവശ്യം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ഉറപ്പാക്കുകയാണ് വേണ്ടത്. ഇവരുടെ ക്ഷേമം, പുനരധിവാസം എന്നിവ ഉറപ്പാക്കി മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് പ്രത്യേക അവകാശങ്ങളും നിയമങ്ങളും ചട്ടങ്ങളും ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇവ ഉറപ്പാക്കണം. മൂന്നാംലിംഗം, ഭിന്നലിംഗം എന്നിങ്ങനെ വേര്‍തിരിവില്ലാതെ മനുഷ്യരായി ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് കഴിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാകൂ.
സാമ്പത്തികമായും സാമൂഹികമായും പല ലോബികളും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ചൂഷണം ചെയ്യുന്നുണ്ട്. അക്കാദമിക് യോഗ്യത ഉണ്ടായിട്ടു പോലും ജോലി ലഭിക്കാത്ത സ്ഥിതിയുണ്ട്. വിവാഹം, സ്വത്ത് അവകാശം, ദത്തുനിയമം എന്നിവക്ക് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ വരേണ്ടതുണ്ട്. രാജ്യത്താദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി കൊണ്ടുവന്നത് കേരളത്തിലാണെന്നും ഇതോടെ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കണ്ണൂര്‍ പൊലീസ് സഭാഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി അംഗം കാഞ്ചി ബാബ വിജീഷ്, അഡ്വ. ഹംസകുട്ടി, ഫാ. സണ്ണി തോട്ടാപ്പള്ളി, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസര്‍, ജൂനിയര്‍ സൂപ്രണ്ട് പി ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അങ്കണവാടി, ആശവര്‍ക്കര്‍മാര്‍ക്കായുള്ള ബോധവല്‍ക്കരണത്തില്‍ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു അധ്യക്ഷത വഹിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി ഷഹല അല്‍ത്താഫ്, സാമൂഹ്യനീതി ഓഫീസ് ക്ലര്‍ക്ക് ഒ കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *