Your Image Description Your Image Description
Your Image Alt Text
തൃശൂർ: പതിറ്റാണ്ടുകളുടെ സ്വപ്ന പദ്ധതിയായ നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ൽ തന്നെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ട പരിഹാര തുക വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
2024 ഓഗസ്റ്റിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നെടുപുഴ റെയിൽവേ മേൽപ്പാലം നിർമ്മാണ ആശയം 2017 ലാണ് ചർച്ച ചെയ്യുന്നത്. നിരവധി പ്രക്രിയകളിലൂടെ കടന്നുപോയി മേൽപ്പാലമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
പരാതിയില്ലാത്ത വിധം ഏറ്റവും നല്ല പാക്കേജാണ് സ്ഥലം വിട്ടുകൊടുത്തവർക്ക് നൽകിയത്. ഭൂമി ഏറ്റെടുക്കുന്നതിന് പണം നൽകുന്നതിന് തടസമില്ല. 12.91 കോടി രൂപയാണ് നഷ്ട പരിഹാരമായി ചെലവഴിക്കുന്നത്. 79 പേർക്കാണ് നഷ്ടപരിഹാരം നൽകുന്നത്. 46 പേർക്ക് നഷ്ടപരിഹാരവും 15 പേർക്ക് പുനരധിവാസ പാക്കേജുമാണ് ചടങ്ങിൽ നൽകുന്നത്. ഭാഗികമായി വീട് നഷ്ടപ്പെട്ട 7 പേരും കടകൾ നഷ്ടപ്പെട്ട 9 പേരുമാണ് പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്. രേഖകൾ ഹാജരാക്കാത്ത ബാക്കിയാളുകൾ രേഖകൾ ഹാജരാക്കി നഷ്ടപരിഹാരം നേടണമെന്നും മന്ത്രി പറഞ്ഞു.
നെടുപുഴ റെയിൽവേ മേൽപ്പാലം നിർമ്മാണം ആരംഭിക്കുന്നതിനോടൊപ്പം തന്നെ വലിയാലുക്കൽ മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള റോഡിന്റെ ബി എം- ബിസി പ്രവൃത്തിയും ആരംഭിക്കും. 10 കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രവൃത്തിയുടെ ഡി പി ആർ തയ്യാറാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ പ്രധാന വികസന നേട്ടമാണ് നെടുപുഴ റെയിൽവേ മേൽപ്പാലം. മണ്ഡലത്തിലെ മറ്റു വികസന പദ്ധതികളുടെയും സ്ഥലമേറ്റടുപ്പ് വളരെ വേഗതത്തിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് മുന്നേറുകയാണ്. മികച്ച നഷ്ടപരിഹാര പാക്കേജാണ് സർക്കാർ നൽകുന്നത്. ഏറ്റവുമധികം സംഖ്യ വികസന പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ച മണ്ഡലമാണ് ഒല്ലൂർ. നെടുപുഴ റെയിൽവേ മേൽപ്പാലം വരുന്നതോടെ പ്രദേശത്ത് നിരവധി വികസന പദ്ധതികളാണ് വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണിമംഗലം – നെടുപുഴ റോഡിലാണ് നെടുപുഴ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നത്. രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് അപ്പ്രോച്ച് ഉൾപ്പെടെ 590 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന് 7.5 മീറ്റർ ടാറിംഗ് വീതിയും ഒരു വശത്ത് കാൽനട യാത്രാ സൗകര്യവും ഉണ്ടാകും.
പദ്ധതി നടത്തിപ്പിനായി കിഫ്ബിയിൽ നിന്നും 31.04 കോടി രൂപയാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആർ.ബി.ഡി.സി.കെയാണ് മേൽപ്പാലം നിർമ്മിക്കുന്നത്.
നെടുപുഴ ഗവ. വനിതാ പോളിടെക്നിക് ഹാളിൽ നടന്ന ചടങ്ങിൽ മേയർ എം.കെ വർഗീസ് അധ്യക്ഷനായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ, കൗൺസിലർമാരായ എ ആർ രാഹുൽനാഥ്, വിനേഷ് തയ്യിൽ, എ ഡി എം ടി, മുരളി, ഡെപ്യൂട്ടി കലക്ടർ (എൽ എ) യമുനാ ദേവി, തഹസിൽദാർ ടി ജി ബിന്ദു, നെടുപുഴ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് പ്രസിഡന്റ് ഇ. സുനിൽകുമാർ, മുൻ മേയർ അജിത വിജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ രവീന്ദ്രൻ, വി എസ് ശരത് കുമാർ, പി.എ വർഗീസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ റ്റി എസ് സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *