Your Image Description Your Image Description
Your Image Alt Text

മുന്‍ഗണനാ മേഖലയിൽ 2,37,371 കോടി രൂപയുടെ ബാങ്ക് വായ്പാ പദ്ധതി 2024-25 വര്‍ഷത്തിൽ കേരളത്തിനായി മുന്നോട്ടുവച്ച് നബാർഡിൻ്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ. നിലവിലെ അടിസ്ഥാന സൗകര്യങ്ങളും വിഭവ സമാഹരണത്തിലെ കുറവുകളും അവ മെച്ചപ്പെടുത്തുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍  പ്രകാശനം ചെയ്തുകൊണ്ട് നബാർഡ് ബാങ്കേഴ്‌സിന് മുന്നില്‍ അവതരിപ്പിച്ചു.

ഭൂരേഖകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുകയും, സഹകരണ മേഖലയിലെ ഉല്പാദന പ്രക്രിയകളും വിപണന ശൃംഖലയും ശക്തമാക്കലും,  കാര്‍ഷിക മേഖലയിൽ കൂടുതല്‍ വ്യവസായങ്ങള്‍, മണ്ണ് പരിശോധനാ സംവിധാനങ്ങള്‍, മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം പരിഹരിക്കല്‍, കൃഷിയിലെ യന്ത്രവല്‍ക്കരണം, ചെറുകിട വ്യവസായങ്ങളുടെ ലൈസൻസ് ലഭിക്കാനുള്ള കാലതാമസം ഇല്ലാതാക്കുക തുടങ്ങിയവയും നബാർഡ് മുന്നോട്ട് വെച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ എ എസിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രെഡിറ്റ് സെമിനാറിൽ ബാങ്കുകളും സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളും അനുബന്ധ സംഘടനകളും പങ്കുചേർന്നു. അടുത്ത വര്‍ഷത്തേക്കുള്ള ബാങ്ക് വായ്പയുടെ ലക്ഷ്യം സാധൂകരിക്കുന്നതിനുള്ള പദ്ധതികള്‍ സെമിനാറിൻ്റെ ഭാഗമായി ആസൂത്രണം ചെയ്യുകയുണ്ടായി.

കേരളത്തില്‍ മുന്‍ഗണനാ മേഖല വായ്പാ പദ്ധതിയുടെ 52 ശതമാനം കൃഷിയുമായി ബന്ധപ്പെട്ടതാണ്. ചെറുകിട വ്യവസായങ്ങൾ മുൻഗണനാ മേഖലയുടെ 30 ശതമാനം വരുന്നു. ബന്ധപ്പെട്ട മേഖലകളിൽ ഡ്രോണ്‍ പോലുള്ള മെച്ചപ്പെട്ട സാങ്കേതികതയും യന്ത്രവല്‍ക്കരണവും പ്രത്യേകിച്ചു പൊതു ജലാശയങ്ങളുടെ വ്യക്തവും ഏകീകൃതവുമായ പാട്ടവാടക പോളിസിയുമൊക്കെ കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സഹായകമാണ്. സെമിനാറിൽ പുറത്തിറക്കിയ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍, മുന്‍ഗണനാ മേഖലയിലെ ബാങ്ക് വായ്പാ അനുമാനത്തിനു പുറമെ നിലവിലുള്ളതും ആവശ്യമായതുമായ അടിസ്ഥാന സൗകര്യങ്ങളേയും, അനുകരിക്കാവുന്ന നല്ല രീതികളേയും, വിജയകഥകളേയും കുറിച്ചും ചര്‍ച്ച ചെയ്യുന്നു.

ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങൾക്ക് സമയബന്ധിതമായി വായ്പ നൽകുകയും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ സാമ്പത്തിക സഹായം നൽകുകയും മറ്റ് വിവിധ വികസന ഇടപെടലുകൾ നടത്തുകയും ചെയ്തുകൊണ്ട് സംസ്ഥാന വികസനത്തിൽ നബാർഡ് വഹിക്കുന്ന പങ്കിനെ ഉദ്ഘാടന പ്രസംഗത്തിൽ ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി അഭിനന്ദിച്ചു.

കേരളത്തിന്റെ അഗ്രികള്‍ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണർ ബി അശോക് ഐ എ എസ് സെമിനാറിൽ പ്രത്യേക പ്രഭാഷണം നടത്തി. അഗ്രോ ബിസിനസ്സ് രംഗത്തെ ആവശ്യങ്ങളെക്കുറിച്ചും കര്‍ഷകർക്കും കര്‍ഷികേതര മേഖലയിലെ ഉല്‍പാദകര്‍ക്കും വേണ്ടി നാല് എക്സിബിഷന്‍ സെൻ്ററുകൾ സംസ്ഥാനത്തിന്റെ നാലു മേഖലകളിലായി സ്ഥാപിക്കുന്നതിനെപ്പറ്റിയും കൂടാതെ ഇത്തരം കൃഷിക്കാരുടെ കൂട്ടായ്മകള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ വേദികളില്‍ പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 2024-25 ലെ സ്റ്റേറ്റ് ഫോക്കസ് പേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് നബാർഡ് കേരള സിജിഎം ഡോ. ഗോപ കുമാരൻ നായർ  വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *