Your Image Description Your Image Description
Your Image Alt Text
മലപ്പുറം: ശുചിത്വ -മാലിന്യ സംസ്കരണ പ്രവര്ത്തനങ്ങള്ക്ക് തദ്ദേശ സ്ഥാപനങ്ങള് പ്രാമുഖ്യം നല്കണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അടുത്ത സാമ്പത്തിക വര്ഷം മുതല് ശുചിത്വ -മാലിന്യ സംസ്കരണ പ്രവര്ത്തനങ്ങള് മാനദണ്ഡമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങള്ക്ക് പ്ലാന് ഫണ്ട് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മലപ്പുറം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണത്തില് ജനങ്ങളുടെ മനോഭാവം പ്രധാനമാണ്. ഇത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റായ ബോധ്യങ്ങൾ ഉണ്ട്. അവ തിരുത്തി ബോധവൽക്കരണം നടത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്.
ശുചിത്വത്തില് പിന്നോട്ടു പോവുന്നതിന് ജനപ്രതിനിധികളാണ് പ്രധാന ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു. സ്വരാജ് ട്രോഫി നല്കുന്നതിനുള്ള മാനദണ്ഡത്തില് 75 ശതമാനം മാര്ക്ക് മാലിന്യ സംസ്കരണ പദ്ധതി പുരോഗതിക്കും 10 ശതമാനം മാര്ക്ക് അതിദാരിദ്ര്യ നിര്മാര്ജനത്തിനും കേന്ദ്രഫണ്ട് വിനിയോഗത്തിനുമായിരിക്കും അടുത്ത തവണ മുതല് നല്കുകയെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ വകുപ്പിന്റെ കാര്യക്ഷമത വര്ധിപ്പിക്കാനാണ് വകുപ്പ് ഏകീകരണം നടപ്പാക്കിയത്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങൾക്ക് ഏറ്റവും സുതാര്യമായ സേവനം വേഗത്തിൽ ലഭ്യമാവുമെന്ന് ഉറപ്പുവരുത്താനും സൗഹാർദ്ദപരമായ സമീപനങ്ങളിലൂന്നുന്ന ജനകീയ ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്താനുമാണ് തദ്ദേശ വകുപ്പ് ഏകീകരണത്തിലൂടെ സര്ക്കാര് ലക്ഷ്യമിടുന്നത്. ഏകീകൃത വകുപ്പിന് പുതിയ കെട്ടിടം നിര്മിച്ചതിലൂടെ മലപ്പുറം സംസ്ഥാനത്തിന് മാതൃകയായിരിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനുമായി ജനുവരി ഒന്നു മുതല് നഗരസഭാ, കോര്പ്പേറഷനുകളില് കെ സ്‌മാർട്ട് എന്ന ഏകീകൃത സോഫ്ട്വെയര് നടപ്പാക്കിയിരിക്കുകയാണ്. ചട്ടപ്രകാരം അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ കെട്ടിട പെർമിറ്റുകൾ ഓൺലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷൻ, രജിസ്ട്രേഷൻ തിരുത്തൽ എന്നിവ ഓൺലൈനായി ചെയ്യാം. കെ. സ്മാര്ട്ട് വഴി സർട്ടിഫിക്കറ്റുകൾ ഇ-മെയിലായും വാട്‌സ്ആപ്പിലൂടെയും ലഭ്യമാവും. രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ സാധ്യമാവുന്ന ഈ സംവിധാനം ഏപ്രില് ഒന്നു മുതല് പഞ്ചായത്തുകളിലും നിലവില് വരും. ഇതോടെ ഉദ്യോഗസ്ഥര്ക്ക് ജോലി ആയാസരഹിതമാവുകയും പദ്ധതി നിര്വഹണത്തില് കൂടുതല് ശ്രദ്ധ ചെലുത്താന് കഴിയുകയും ചെയ്യും. രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതെന്നും ഇതിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില് പി. ഉബൈദുല്ല എം.എല്.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര് വി.ആര് വിനോദ് മുഖ്യാതിഥിയായിരുന്നു. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) വി.ആര് പ്രേംകുമറും കോണ്ഫ്രന്സ് ഹാള് ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്സിപ്പല് ഡയറക്ടർ എം.ജി രാജമാണിക്യവും നിര്വഹിച്ചു.
മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി, ജില്ലാ ആസൂത്രണ സമിതി അംഗം ഇ.എന് മോഹന്ദാസ്, നഗരസഭാ കൗണ്സിലര് കെ.പി.എ ഷരീഫ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ അഡ്വ. അബ്ദുറഹ്മാന് കാരാട്ട്, പെരുവള്ളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ അബ്ദുല് കലാം മാസ്റ്റര്, തദ്ദേശ വകുപ്പ് അസി. ഡയറക്ടര് സദാനന്ദന് തുടങ്ങിയവര് പ്രസംഗിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിങ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര് സുല്ഫിക്കര് അലി റിപ്പോര്ട്ട് അവതരിപ്പിച്ചു. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് വി.കെ മുരളി മാലിന്യ സംസ്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനസ്സോടിത്തിരി മണ്ണ് കാമ്പയിനിന്റെ ഭാഗമായി 29 സെന്റ് ഭൂമി സര്ക്കാറിന് കൈമാറിയ കെ.പി കുഞ്ഞാലിക്കുട്ടിക്ക് ചടങ്ങില് വെച്ച് മന്ത്രി ഉപഹാരം കൈമാറി. കെട്ടിട നിര്മാണത്തിന് നേതൃത്വം നല്കിയ കരാറുകാരെയും ആര്കിടെക്ട്, തദ്ദേശ വകുപ്പ് വകുപ്പ് മുന് ഡെപ്യൂട്ടി ഡയറക്ടര് കെ. മുരളീധരന് എന്നിവരെയും ചടങ്ങില് മന്ത്രി ആദരിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്സിപ്പല് ഡയറക്ടര് എം.ജി രാജമാണിക്യം സ്വാഗതവും ജോയിന്റ് ഡയറക്ടര് പ്രീതി മേനോന് നന്ദിയും പറഞ്ഞു.
ജില്ലാ പ്ലാനിങ് ആന്റ് റിസോഴ്സ് കേന്ദ്രം (ഡി.പി.ആർ.സി) എന്ന പേരിൽ മലപ്പുറം സിവിൽസ്റ്റേഷനിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. 4.75 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി 15,000 ചതുരശ്ര അടിയിലാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. ഓഫീസ് മുറികൾ, റെക്കോർഡ് റൂം, കോൺഫറൻസ് ഹാൾ, ലിഫ്റ്റ് ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ആർ.ജി.എസ്.എ സഹായത്തോടൊപ്പം 94 ഗ്രാമപഞ്ചായത്തുകളുടെയും ഫണ്ടുപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. തദ്ദേശ സ്ഥാപന പ്രതിനിധികൾക്കുള്ള പരിശീലന പരിപാടികൾക്കുൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *