Your Image Description Your Image Description
Your Image Alt Text

 

ലഖ്നൌ: വയനാടിനെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന പ്രചാരണവുമായി റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം. വയനാടിനോട് രാഹുൽ ചെയ്ത ചതിക്ക് റായ്ബറേലി മറുപടി പറയുമെന്ന് ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു. എന്നാൽ ബിജെപി പ്രചാരണത്തെ പ്രതിരോധിക്കാൻ ഗാന്ധി കുടുംബവും അമേഠിയുമായുള്ള വൈകാരിക ബന്ധത്തെയാണ് കോൺഗ്രസ് മുറുകെ പിടിക്കുന്നത്. വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് രാഹുൽ റായ്ബറേലിയിൽ കൂടി മത്സരിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് സ്വീകാര്യമായ തുടർ നിലപാട് രാഹുൽ സ്വീകരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ പറഞ്ഞു.

രാമക്ഷേത്രം, മോദിയുടെ ഗ്യാരണ്ടികൾ തുടങ്ങിയ ആയുധങ്ങളൊക്കെ കൈയിലുണ്ടെങ്കിലും റായ്ബറേലിയിൽ ബിജെപിയുടെ പ്രചാരണ വിഷയം വയനാട് തന്നെയാണ്. റായ്ബറേലിയിൽ മത്സരിക്കുമെന്ന വിവരം വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയും വരെ മറച്ചുവച്ച രാഹുലിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗ് വോട്ടർമാരോട് ചോദിക്കുന്നത്. തുണി മാറുന്നത് പോലെ മണ്ഡലങ്ങൾ മാറുന്ന രാഹുൽ ഇക്കുറി റായ്ബറേലിയിൽ തോൽക്കുമെന്നും ദിനേഷ് പ്രതാപ് സിംഗ് പറയുന്നു.

രണ്ടിടങ്ങളിലും ജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തുമെന്ന ചോദ്യം കോൺഗ്രസിന് പ്രതിസന്ധിയാണ്. മണ്ഡലത്തോടുള്ള വൈകാരികത ആയുധമാക്കുന്ന കോൺഗ്രസ് ബി ജെ പി നേതാക്കൾ ഒന്നിലധികം മണ്ഡലത്തിൽ മത്സരിച്ച ചരിത്രം ചൂണ്ടിക്കാട്ടുന്നു. ലോക്സഭ തെഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ വിജയ തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാനായില്ല. 5 മണ്ഡലങ്ങളിലായി ആകെ 1.4 ലക്ഷം വോട്ടുകൾ മാത്രമാണ് കിട്ടിയത്. സമാജ് വാദി പാർട്ടി 4.02 ലക്ഷം വോട്ടുകളും, ബി ജെ പി 3.81 ലക്ഷം വോട്ടുകളും നേടി.

ഇത്തവണ സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം കോൺഗ്രസിന് ബോണസ് പോയിന്‍റാണ്. 2019 ൽ സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം 2 ലക്ഷത്തോളം വോട്ടുകൾക്ക് ഇടിച്ചതും, കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ 3 സമാജ് വാദി പാർട്ടി എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതും കാറ്റ് മാറി വീശിയേക്കാമെന്ന് പ്രതീക്ഷിക്കാൻ ബിജെപിയേയും പ്രേരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *