Your Image Description Your Image Description

സമുദ്രങ്ങളുടെ സൗന്ദര്യവും സമ്പത്തും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സമുദ്രദിനം കൂടി എത്തിയിരിക്കുകയാണ്. 1992 ല്‍ ബ്രസിലിലെ റിയോഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് കാനഡയിലെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഡെവലപ്പ്‌മെന്റും ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാനഡയും ചേര്‍ന്ന് ലോകസമുദ്രദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. പിന്നീട് 2008 ഡിസംബര്‍ 5ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ ജൂണ്‍ 8 ലോക സമുദ്രദിനം ഔദ്യോഗികമായി അംഗീകരിച്ചു. അങ്ങനെ ‘നമ്മുടെ സമുദ്രങ്ങള്‍ നമ്മുടെ ഉത്തരവാദിത്തം’ എന്ന സന്ദേശവുമായി 2009 ജൂണ്‍ 8ന് ആദ്യസമുദ്രദിനം ആചരിക്കപ്പെട്ടു. സമുദ്രത്തെയും അതിലെ വൈവിധ്യമാര്‍ന്ന സമുദ്രജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും നിലനിര്‍ത്തുകയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവയെ സുസ്ഥിരമായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും ആളുകളിൽ ഇതു സംബന്ധിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് സമുദ്ര ദിനം ആചരിക്കുന്നത്.

അത്ഭുതം: നമ്മെ നിലനിർത്തുന്നതിനെ നിലനിർത്തുവാൻ (Wonder: Sustaining what sustains us) എന്നതാണ് ഈ വർഷത്തെ ലോക സമുദ്രദിനത്തിന്റെ പ്രമേയം. സമുദ്രങ്ങൾ സുസ്ഥിരമായ പ്രകൃതി ചക്രങ്ങൾ നിലനിർത്തുന്നതിന് അത്യന്തം നിർണായകമാണ്. സമുദ്രത്തിലൂടെ ലഭിക്കുന്ന ഭക്ഷണവും മരുന്നുകളും, ജൈവവൈവിധ്യവും, അന്താരാഷ്ട്ര വ്യാപാര മാർഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിൽ പോലും മുഖ്യ പങ്ക് വഹിക്കുന്നു.

ഭൂമിയുടെ ഉപരിതലത്തിന്റെ 75% വ്യാപിച്ചു കിടക്കുന്ന ലവണാംശമുള്ള ജലാശയത്തെ സമുദ്രമെന്ന് വിളിക്കുന്നു. ഈ ലവണാംശമുള്ള ജലാശയത്തെ രണ്ടായി വിഭജിക്കാം, മഹാസമുദ്രങ്ങളെന്നും, കടലുകളെന്നും. ഇവ കൂടുതലും കരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. രണ്ടുകരകള്‍ക്കിടയിലുള്ള സമുദ്രഭാഗത്തെ കടലിടുക്കുകള്‍ എന്നു വിളിക്കുന്നു. വന്‍കരകള്‍ സമുദ്രത്തെ വേര്‍തിരിക്കുന്നതനുസരിച്ച് 5 മഹാസമുദ്രങ്ങളുണ്ട്. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍, ആര്‍ട്ടിക്, അന്റാര്‍ട്ടിക്. സമുദ്രങ്ങളുടെ ആകെ വലുപ്പത്തിന്റെ 47%വും ആകെ വെള്ളത്തിന്റെ 50% ഉം ഉള്‍ക്കൊള്ളുന്ന പസഫിക്കിനാണ് സമുദ്രങ്ങളില്‍ ഒന്നാം സ്ഥാനം. ഭൂമിയിലെ ഏറ്റവും നീണ്ട പര്‍വ്വതനിര ഈ സമുദ്രത്തിലാണ്. ഈ പസഫിക് സമുദ്രത്തിന് 50000 കി.മീ ദൈര്‍ഘ്യമുണ്ട്. അമൂല്യങ്ങളായ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് സമുദ്രങ്ങള്‍. സമുദ്രങ്ങളെ ഭൂമിയുടെ ഹൃദയമെന്നും ശ്വാസകോശമെന്നും വിശേഷിപ്പിച്ചു വരുന്നു.

എന്നാൽ ഇന്ന് സമുദ്രങ്ങൾ മനുഷ്യൻറെ മാലിന്യത്തൊട്ടിയായി മാറിയിരിക്കുകയാണ്. ഓരോ വർഷവും സമുദ്രത്തിൽ എത്തുന്നത് 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. കഴിഞ്ഞ പ്രളയത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂടുതലായി സമുദ്രത്തിൽ എത്തിയിട്ടുണ്ട്.

11 കിലോമീറ്റർ വരെ താഴ്ചയിൽ വരെ എത്തുന്ന മാലിന്യങ്ങൾ ഒരു ലക്ഷത്തോളം സമുദ്രജീവികളെ കൊല്ലുന്നതായി റിപ്പോർട്ടുകളുണ്ട്. എണ്ണച്ചോർച്ചയാണ് സമുദ്രങ്ങൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. അമിത തോതിലുള്ള മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്തിനു തന്നെ ഭീഷണിയാവുന്നു.

കാർബൺ ഡയോക്സൈഡ് വലിയ അളവിൽ വലിച്ചെടുത്ത് ആഗോളതാപനം കുറയ്ക്കുന്നതിലും ഭൂമിയിൽ ഓക്സിജൻ അളവ് ക്രമപ്പെടുത്തുന്നതിലും സമുദ്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

സമുദ്ര സംരക്ഷണത്തിനായി ചെയ്യാവുന്നത്:

ദൈനംദിനജീവിതത്തിൽ മലിനീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും പരമാവധി പുനരുപയോഗ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെയെങ്കിലും മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കാനാവും. ചെറു മീനുകളെ പിടിച്ചാൽ അവയെ കടലിലേക്കു തന്നെ തിരിച്ചു വിടുന്നതും നല്ല മാതൃകയാണ്. ഓരോ മനുഷ്യരും ചെയ്യുന്ന ചെറിയ മാറ്റങ്ങളിലൂടെ സമുദ്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *