Your Image Description Your Image Description

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരുന്നത് തരുൺ മൂർത്തിയാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രം നേടിയിരുന്നത്. ചിത്രം കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിഗംഭീര റെസ്പോൺസ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രദീപ് രംഘനാഥൻ. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമോഷനുകൾ മികച്ച് നിൽക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. തരുൺ മൂർത്തിയുടെ ഇനി വരുന്ന സിനിമകൾക്ക് നടൻ ആശംസകൾ അറിയിച്ചിട്ടുണ്ട്.

 

അതേസമയം നടന്റെ മെസ്സേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. നടന് അദ്ദേഹം നന്ദി പറയുന്നതും മെസ്സേജിൽ കാണാം. തമിഴിലെ ഈ വർഷം പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു പ്രദീപ് രംഘനാഥൻ നായകനായെത്തിയ ഡ്രാഗൺ. കൂടാതെ ചിത്രം കളക്ഷനിലും മുന്നിട്ട് നിന്നിരുന്നു. അതേസമയം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.‌‌

 

മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്. സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *