Your Image Description Your Image Description

ഇടുക്കി ; തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച സ്പോർട്സ് ആയുർവേദ ബ്ലോക്കിനെ മികവിൻ്റെ കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌പോര്‍ട്സ് ആയുര്‍വേദ ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി ആരോഗ്യ വകുപ്പുമായി കൂടിയാലോചന നടത്തുമെന്നും സ്ഥാപനത്തെ മികവിൻ്റെ കേന്ദ്രമായി ഉയർത്താൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആയുർവേദ രംഗം മാറുകയാണ്. കായിക താരങ്ങളുടെ വളർച്ചയ്ക്കും അവരുടെ ആരോഗ്യത്തിനും വലിയ സംഭാവന നൽകുന്ന സുപ്രധാന മേഖലയായി ആയുർവേദം മാറിയെന്നും മന്ത്രി പറഞ്ഞു.ദേശീയ ആയുഷ് മിഷന്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌പോര്‍ട്സ് ആയുര്‍വേദ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

അഞ്ച് നിലകളുള്ള കെട്ടിടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഒരു നിലയാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പൂർത്തിയായ കെട്ടിടത്തിൽ മൂന്ന് ഒ.പി മുറികൾ,ഫാർമസി, വിശ്രമമുറി, ആറ് ടോയ്ലറ്റുകൾ എന്നീ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ദേശീയ ആയൂഷ് മിഷനിൽ നിന്നുള്ള ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മുകൾ നിലകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുകൾ നിലയിൽ കിടത്തി ചികിത്സക്കുള്ള മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ നിലകളിൽ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള

പഞ്ചകർമ്മക്രിയാകർമ്മ മുറി, വാർഡുകൾ, ഡീലക്‌സ് മുറികൾ,എക്സ‌ിക്യൂട്ടീവ് മുറികൾ,ഓപ്പൺ ജിം,നൂതന ഫിസിയോതെറാപ്പി സൗകര്യങ്ങൾ, സ്പോർട്‌സ് ലൈബ്രറി, റിക്രിയേഷൻ റൂം,യോഗ ഹാൾ, കോൺഫറൻസ് റൂം, കായിക താരങ്ങൾക്ക് പ്രത്യേകം പോഷക സമൃദ്ധമായ ആഹാരക്രമീകരണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ക്യാൻ്റീൻ സൗകര്യം, ആധുനിക ചികിത്സാ സൗകര്യങ്ങൾ എന്നിവ തയ്യാറാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.സി ഷീലയ്ക്ക് മന്ത്രി ഉപഹാരം നല്‍കി. ഇടുക്കി ദേശീയ ആയുഷ് മിഷൻ ഡി.പി.എം. കെ.എസ് ശ്രീദർശൻ വിഷയാവതരണം നടത്തി.

തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.ദീപക്, ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി സത്യന്‍,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗം ഇന്ദു സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ.എം.ജെ ജേക്കബ്, ന്യൂമാൻ കോളേജ് ബർസാർ ഫാ.ബെൻസൺ എൻ.ആന്റണി,മർമ്മ എസ്എആർസി ഇടുക്കി ജില്ലാ കൺവീനറും സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറുമായ ഡോ.ആർ വിനീത്, സൂപ്രണ്ട് ഇൻചാർജ് ഡോ. എസ്. ശ്രീജ തുടങ്ങി വകുപ്പ്തല ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.സ്പോർട്സ് ആയുർവേദ ബ്ളോക്ക് ഉദ്ഘാടനം വീഡിയോ ലിങ്ക്: https://www.transfernow.net/dl/202505298R8lzn0L

Leave a Reply

Your email address will not be published. Required fields are marked *