Your Image Description Your Image Description

ലണ്ടൻ: പ്രശസ്ത ഛായാ​ഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു. ​ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്കർ പുരസ്കാരം നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സിനിമാറ്റോ​ഗ്രാഫർ മാ​ഗസിൻ മരണം സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല. 96 വയസായിരുന്നു. ഇന്ത്യയിലെ ചിത്രീകരണത്തിനിടെ ആരോ​ഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെയെല്ലാം അവ​ഗണിച്ചായിരുന്നു അദ്ദേഹം ​’​ഗാന്ധി​’യെ പകർത്തിയത്.

1929-ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി വില്യംസ് ജനിച്ചത്. ഒരു യുദ്ധകാല ഡോക്യുമെന്റേറിയൻ ആയിരുന്നു ബില്ലിയുടെ പിതാവ്. അദ്ദേഹമാണ് വില്യംസിനെ സിനിമാ നിർമ്മാണത്തിലേക്ക് കൊണ്ടുവന്നത്. 14 വയസ്സായപ്പോൾ ബില്ലി പിതാവിന്റെ ഛായാ​ഗ്രഹണ സഹായിയായി മാറി. റോയൽ എയർ ഫോഴ്സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിന് ശേഷം, വില്യംസ് ഗതാഗത മന്ത്രാലയത്തിന് വേണ്ടി ഡോക്യുമെന്ററികൾ തയ്യാറാക്കാൻ തുടങ്ങി. ഇതാണ് അദ്ദേഹത്തിന് ഫീച്ചർ സിനിമകളിലേക്കുള്ള വഴി തുറന്നത്. 1965-ലെ കോമഡി ചിത്രമായ സാൻ ഫെറി ആൻ ആയിരുന്നു ബില്ലി വില്യംസിന്റെ കരിയറിൽ വഴിത്തിരിവായത്.

കെൻ റസ്സൽ സംവിധാനംചെയ്ത വുമൺ ഇൻ ലവ് (1969) എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് ആദ്യ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ ഇതിഹാസചിത്രമായ ​ഗാന്ധിയിലൂടെ ഛായാ​ഗ്രഹണത്തിനുള്ള ഓസ്കർ പുരസ്കാരം ബില്ലി വില്യംസിനെ തേടിയെത്തി. ദി എക്സോർസിസ്റ്റ്, വോയേജ് ഓഫ് ദി ഡാംഡ്, ദി വിൻഡ് ആൻഡ് ദി ലയൺ തുടങ്ങിയവയാണ് ഛായാ​ഗ്രഹണം നിർവഹിച്ച മറ്റുപ്രധാന ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *