Your Image Description Your Image Description

സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച സംസ്ഥാനതല പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. ഏഴ് തീമുകളുടെ അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിലെ അഞ്ച് വിദ്യാലയങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക എന്ന തീമിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ ജി.യു.പി.എസ് ചെട്ടിയാമ്പറമ്പ് ഒന്നാം സ്ഥാനവും സുസ്ഥിര ഭക്ഷണരീതികൾ ശീലമാക്കുക തീമിന്റെ അടിസ്ഥാനത്തിൽ പുഞ്ചക്കാട് സെന്റ് മേരീസ് യു.പി സ്‌കൂൾ മൂന്നാം സ്ഥാനം നേടി. ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവു കുറക്കുക എന്ന പ്രവർത്തനത്തിൽ തെരൂർ എ.എൽ.പി സ്‌കൂൾ മൂന്നാം സ്ഥാനവും മാലിന്യ നിർമാർജന പ്രവർത്തനത്തിൽ കാനാട് എൽ പി എസ് രണ്ടാം സ്ഥാനവും ഊർജ സംരക്ഷണത്തിൽ നടുവിൽ എച്ച് എസ് മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15,000, 10000 വീതമാണ് സമ്മാനത്തുക. 

സ്‌കൂൾ പരിസ്ഥിതി ക്ലബുകൾ- ലൈഫ് ദൗത്യത്തിനായി എന്ന കാഴ്ചപ്പാടോടെ 2024 ജൂണിലാണ് സംസ്ഥാനതല പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പ്രകൃതി നടത്തം, അടുക്കളത്തോട്ട നിർമാണം, ഇലക്ട്രോണിക് മാലിന്യ ശേഖരണം, കമ്പോസ്റ്റ് കുഴി നിർമാണം, പച്ചക്കറി കൃഷി, ജലസംരക്ഷണ പ്രവർത്തനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ഉത്തരവാദിത്തം നിറവേറ്റാൻ കുട്ടിയെ പ്രാപ്തമാക്കുന്ന രീതിയിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്. വിദ്യാലയത്തിനു പുറമെ വീടുകളിലും കുട്ടികൾ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. രക്ഷിതാക്കളുടെ സഹകരണവും ഉറപ്പാക്കി. ബി ആർ സി, ജില്ലാതലത്തിൽ പ്രവർത്തന വിലയിരുത്തലും നടത്തി. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവയുടെ റിപ്പോർട്ടും ഹ്രസ്വ ചിത്രീകരണവും സംസ്ഥാന മത്സരത്തിനയച്ചു. പതിനാലു ജില്ലകളിൽ ഏറ്റവും കൂടുതൽ സമ്മാനം കണ്ണൂർ നേടി. വിദ്യാദ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *