Your Image Description Your Image Description

നീരൊഴുക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ഡാമുകളുടെ ചുമതലയുള്ള കെ എസ് ഇ ബി , ഇറിഗേഷൻ വകുപ്പ് , ഡാം സേഫ്റ്റി അതോറിറ്റി തുടങ്ങിയവർ അടിയന്തര മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചുകഴിഞ്ഞു. ഇതിന് പുറമെ താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകളും ഇവയുടെ ഏകോപനത്തിനായി കലക്ടറേറ്റിൽ കോർഡിനേഷൻ കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങൾ സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മരം വീണോ , മണ്ണിടിഞ്ഞോ ഗതാഗതം തടസ്സപ്പെടുകയോ മറ്റോ ഉണ്ടായാൽ പഞ്ചായത്ത് തലത്തിൽ തന്നെ ടിപ്പറും എസ്കലേറ്ററും മറ്റ് സംവിധാനങ്ങളും ഒരുക്കി ജനജീവിതം സാധാരണഗതിയിലാക്കണം . ഇതിന് ആവശ്യമായ ചെലവ് തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. ഈ മഴക്കാലത്ത് ഗ്രാമീണ റോഡുകൾ യഥാസമയം ഗതാഗത യോഗ്യമാക്കാൻ 8 ബ്ലോക്കുകളിലായി റാപ്പിഡ് റെസ്പോൺസ് ടീമുകൾ പ്രവർത്തിക്കും.

 

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അപകട ഭീഷണിയുള്ള എല്ലാ കേന്ദ്രങ്ങളിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടേണ്ട ചുമതല പോലീസ് നിർവഹിക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് താലൂക്കുകളുടെ ചുമതല നൽകിയിട്ടുണ്ട്. ഇവരുടെ ഏകോപനം സബ് കളക്ടർമാർക്കാണ്.

 

ജില്ലയിൽ കനത്ത മഴ തുടരുകയാണെങ്കിലും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ ഇടപെടുന്നതിനായി മുപ്പത്പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേന എല്ലാ സന്നാഹങ്ങളോടെ ജില്ലയിലെത്തിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

 

നിലവിൽ ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാംപാണ് തുറന്നിട്ടുള്ളത്. ദേവികുളം താലൂക്കിൽ മൂന്നാർ മൗണ്ട് കാർമൽ പാരിഷ് ഹാളിലാണ് ക്യാമ്പ് . നാലു കുടുംബങ്ങളിൽ നിന്നായി 17 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 4 പുരുഷന്മാർ, 10 സ്ത്രീകൾ, 3 കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. ഭാഗികമായി 12 വീടുകൾ തകർന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി അഞ്ചു താലൂക്കുകളിലായി 258 സ്ഥലങ്ങൾ കണ്ടെത്തുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തുകഴിഞ്ഞു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാകളക്ടർക്ക് മന്ത്രി നിർദേശം നൽകി. ജനങ്ങളെ മാറ്റി താമസിപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ അതിനനുസരിച്ചു പ്രവർത്തിക്കാൻ ബോധവത്കരണം നടത്തണം. കൃത്യമായി അലർട്ടുകൾ നൽകണമെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലത്തെ കണക്ക് അനുസരിച്ച് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 114 അടിയാണ്. ഇടുക്കി ഡാമിൽ 30% . കഴിഞ്ഞ വർഷം ഇതേ സമയം 32% ആയിരുന്നു ഇടുക്കി ഡാമിലെ ജലനിരപ്പ്. മറ്റ് ഡാമുകളുടെ സ്ഥിതിവിവരങ്ങൾ പരിശോധിക്കുമ്പോഴും വലിയ വ്യത്യാസങ്ങൾ ഇല്ലായെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പെരിയാറിൻ്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള മുന്നൊരുക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ യോഗത്തെ അറിയിച്ചു. വനത്തിനുള്ളിൽ അകപ്പെട്ടുപോകുന്ന ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം നിരത്തുകളിൽ തടസ്സങ്ങൾ യഥാസമയം മാറ്റുന്നുണ്ടെന്ന് അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പക്ഷെ ഇതിനായി വിവിധ ടീമുകളെ സജ്ജമാക്കിയിട്ടും തുടർച്ചയായി മരത്തിന്റെ ശിഖരങ്ങൾ വീഴുന്നതുകാരണം ചിലയിടങ്ങളിൽ ജോലി തടസ്സപ്പെടുന്നുണ്ടെന്ന് കെ എസ് ഇ ബി എൻജിനീയർ അറിയിച്ചു.  താലൂക്ക് തലത്തിലുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് അതത് തഹസിൽദാർമാർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *